'ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്'; ഭർത്താവിന്റെ വിയോഗത്തിനുപിന്നാലെ അപേക്ഷയുമായി നടി മീന
text_fieldsഭർത്താവിന്റെ മരണത്തിനുപിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി നടി മീന. ചൊവ്വാഴ്ച്ചയാണ് നടിയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യ സ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്‍റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്. 'തെരി' എന്ന സിനിമയിൽ ദളപതി വിജയിയുടെ മകളുടെ വേഷത്തിൽ നൈനിക അഭിനയിച്ചിരുന്നു.
വിദ്യാസാഗറിന്റെ മരണ കാരണെത്തക്കുറിച്ച് ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മീന സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയത്.
'എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മെഡിക്കൽ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു'-അവർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.