96 ന് ശേഷം മെയ്യഴകൻ; കേരളത്തിൽ 100 തിയേറ്ററുകളിൽ റിലീസ്
text_fieldsഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാപ്രേമികളുടെ മനസുകീഴടക്കിയ 96 എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന മെയ്യഴകൻ നാളെ (വെള്ളിയാഴ്ച്ച) തിയേറ്ററുകളിലെത്തും. ഒന്നിക്കാനാവാതെ പോയ കമിതാക്കൾ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിൽ പറയാതെ പോയ പ്രണയമുയർത്തിയ ഹൃദയവ്യഥയുമാണ് 96 ൽ പ്രേംകുമാർ ആവിഷ്ക്കരിച്ചതെങ്കിൽ മെയ്യഴകൻ അപൂർവ ചാരുതയുള്ള സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്. മെയ്യഴകൻ ഒരു നോവലായി ഒരുക്കാനായിരുന്നു പ്രേംകുമാർ ആദ്യം തീരുമാനിച്ചത്. നോവലിൻ്റെ കയ്യെഴുത്തു പ്രതി തൻ്റെ ആത്മ സ്നേഹിതനായ സംവിധായകൻ മഹേഷ് നാരായണന് പ്രേംകുമാർ വായിക്കാൻ നൽകി. ഇത് സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമെന്ന അഭിപ്രായമായിരുന്നു മഹേഷ് നാരായണന്.
ചെന്നൈയിലായിരുന്നു മെയ്യഴകൻ്റെ ചിത്രീകരണം. അമ്പത് ദിവസത്തിലേറെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. "കൈദി " ക്ക് ശേഷം വീണ്ടും ഒരുപാട് നൈറ്റ് ഷൂട്ടുള്ള സിനിമയിലഭിനയിച്ചത് മറ്റൊരനുഭവമായിരുന്നുവെന്ന് ചിത്രത്തിലെ നായകനായ കാർത്തി പറയുന്നു. കാർത്തിക്കൊപ്പം അരവിന്‌ദ സ്വാമിയും നായകനാകുന്ന ചിത്രത്തിൽ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്നത് രാജ് കിരണാണ്.
വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചെന്നൈയിൽ കഴിഞ്ഞയാഴ്ച്ച മെയ്യഴകൻ്റെ പ്രീവ്യൂ നടന്നു. മലയാള സിനിമ പോലെ മനോഹരമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വിജയ് സേതുപതി നായകനായി അഭിനയിച്ച ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമായ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർന്നാണ് മെയ്യഴകനും കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ മാത്രം നൂറിലേറെ തിയേറ്ററുകളിൽ മെയ്യഴകൻ റിലീസ് ചെയ്യും. 96 എന്ന ചിത്രത്തിൻ്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകനും സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ്- കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങൾ - കാർത്തിക് നേതാ, ഉമാ ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.