Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഒരു യാത്രാമൊഴി.....'

'ഒരു യാത്രാമൊഴി.....'

text_fields
bookmark_border
Pratap Pothen
cancel
Listen to this Article

വെള്ളിത്തിരയിൽ അതുവരെ കണ്ടിരുന്ന നായക സങ്കൽപങ്ങളെ അടിമുടി മാറ്റിമറിച്ചാണ് 'തകര' പ്രത്യക്ഷപ്പെട്ടത്. മെലിഞ്ഞു കൊലുന്നനെയുള്ള യുവാവിന് നായകനാവാൻ വേണ്ട ആകാര സൗഷ്ഠവവും സൗകുമാര്യവുമൊന്നുമുണ്ടായിരുന്നില്ല. ഹിപ്പി കാലത്ത്, കോതിയൊതുക്കാത്ത അലസമായ മുടിയും വസ്ത്രത്തിന്റെ അലങ്കാരമൊന്നുമില്ലാത്ത ഇന്നർ ബനിയ​നുമായി ആ സിനിമയിൽ തകർത്തഭിനയിച്ച പ്രതാപ് കെ. പോത്തൻ എന്ന തിരുവനന്തപുരത്തുകാരൻ മലയാള സിനിമയിൽ വിസ്മയം വിതറിയ അഭിനയത്തികവിന്റെ അതിശയക്കാഴ്ചകളിലേക്ക് വെളിച്ചംവീശുകയായിരുന്നു.


സിനിമയിൽ അഭിനയിക്കാൻ വലിയ താൽപര്യങ്ങളൊന്നുമില്ലാതിരുന്ന ആ യുവാവിനെ തെന്നിന്ത്യയറിയുന്ന വലിയ നടനാക്കി മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് സംവിധായകൻ ഭരതനു സ്വന്തമാണ്. പ്രതാപിലെ അഭിനേതാവിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ഭരതൻ ആരവം, തകര, ലോറി, ചാമരം എന്നീ സിനിമകളിൽ അയാൾക്കായി വേഷം ഒഴിച്ചിട്ടു. തുടക്കകാലത്ത് നെടുമുടി വേണു ഉറ്റ കൂട്ടുകാരനായി ഒപ്പംനിന്നു. മാറ്റങ്ങളുടെ പുതുവഴികൾ കുറിച്ചിട്ടാണ് അന്ന് പ്രതാപിന്റെ അഭിനയശൈലി പ്രശസ്തമായത്. വലിയ കാലവിളംബമൊന്നുമുണ്ടായില്ല, വേറിട്ട ആ നടനെ തമിഴ്സിനിമയും മുറുക്കെ പുൽകി. നായകനാണോ ഉപനായകനാണോ എന്നതൊന്നും ​പ്രതാപിന്റെ പരിഗണനാ വിഷയമായിരുന്നില്ല. അഭിനയിച്ചു ഫലിപ്പിക്കാനാകുന്ന വേഷമാണോ എന്നതിലേക്കു​ മാത്രമായിരുന്നു നോട്ടം.



ചെന്നൈയിലെ പഴക്കം ചെന്ന ഇംഗ്ലീഷ് നാടക ട്രൂപ്പായ 'ദ മദ്രാസ് ​െപ്ലയേഴ്സി'ലാണ് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കിയത്. ജോർജ് ​ബെർണാർഡ് ഷാ എഴുതിയ 'ആൻഡ്രോക്ക്ൾസ് ആൻ ദ ലയൺ' എന്ന നാടകത്തിലെ പ്രതാപിന്റെ അഭിനയം കണ്ടാണ് ഭരതൻ അയാളുടെ ഉള്ളിലെ നടനെ അളന്നെടുത്തത്. 1978ൽ ആരവത്തിൽ ആദ്യാവസരം നൽകിയശേഷം ഭരതൻ അദ്ദേഹത്തെ ചേർത്തുപിടിക്കുകയായിരുന്നു. തകര, ലോറി, ചാമരം എന്നിവ ആ കൂട്ടുകെട്ടിൽ ​ട്രെൻഡ് സെറ്ററുകളായി മലയാള ചലച്ചി​ത്രലോകത്തെ അത്രമേൽ സ്വാധീനിച്ചു. പിന്നീടങ്ങോട്ട് എൺപതുകളിൽ പ്രതാപ് പോത്തൻ മലയാള, തമിഴ് സിനിമളകിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. 1980, 81 വർഷങ്ങളിൽ 12 വീതം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 1982ൽ 11 സിനിമകളിലും വേഷമിട്ടു.



1992നും 2005നുമിടക്ക് അഭിനയ ജീവിതത്തിൽ അൽപകാലം ഇടവേളയായിരുന്നു. ഇക്കാലയളവിൽ 'തേടിനേൻ വന്തത്' എന്ന ഒരു തമിഴ് സിനിമയിൽ മാത്രമാണ് പ്രതാപ് പോത്തൻ അഭിനയിച്ചത്. തുടക്കത്തിലെ തിരക്കിൽനിന്ന് പതിയെ അകന്നുപോവുകയായിരുന്നു. ഈ രംഗത്തെ ഗ്രൂപ്പിസവും പാരകളുമൊക്കെ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ ചെയ്തിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര ശക്തമായിരുന്നു പാരകൾ. അതുപിന്നെ അഭിനയത്തോടുതന്നെയുള്ള മടുപ്പായി മാറുകയായിരുന്നു. ആ ബോറടിയെ മറികടക്കാനുള്ള ആഗ്രഹത്തിൽനിന്നാണ് സംവിധായകനാവാനുള്ള താൽപര്യം ​ജനിക്കുന്നത്.



2005നുശേഷം വീണ്ടും സിനിമയിൽ സജീവമായ അദ്ദേഹം തന്മാത്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ്, ബാംഗ്ലൂർ ഡെയ്സ്, മുന്നറിയിപ്പ്, ഉയരെ, ഫോറൻസിക് തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. ലാല്‍ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലെ 'ഡോ. സാമുവല്‍' അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. നസ്റുദ്ദീൻ ഷായ്ക്ക് ​വെച്ചിരുന്ന വേഷം അദ്ദേഹം പിന്മാറിയപ്പോൾ യാദൃച്ഛികമായി പ്രതാപ് പോത്തനിലെത്തുകയായിരുന്നു.




പ്രതാപ് പോത്തന്റേതായി ഏറ്റവുമൊടുവിൽ റിലീസായത് സി.ബി.ഐ -5 ആണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ​ബറോസ് അഭിനയിച്ച അവസാന ചിത്രം. ഇതിനിടയിൽ സംവിധായകനായി പേരെടുത്ത ചിത്രങ്ങൾ. മോഹൻലാലിനെയും ശിവാജി ഗണേശനെയും ഒരുമിപ്പിച്ച 'ഒരു യാത്രാമൊഴി' എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി പ്രതാപ് പോത്തൻ സംവിധാനം ചെയ്തത്. ഒടുവിൽ ലാലിനു കീഴിൽ ബറോസിലെ വേഷം...കംപ്ലീറ്റ് ആക്ടർ തനിക്കായി ഒരു റോൾ മാറ്റിവെച്ചതിലെ സന്തോഷം പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pratap pothen
News Summary - A memoir on pratap pothen
Next Story