ചൈനയെയും പൊട്ടിച്ചിരിപ്പിച്ച് 'മിന്നൽ മുരളി'; 30 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ടോപ് 10ൽ
text_fieldsമലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയാണ്. റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ഇന്ത്യയിലെ ഹോട്ട്ടോപ്പിക്കുകളിലൊന്നായി മാറിയ ബേസിൽ ജോസഫ്-ടോവിനോ തോമസ് ചിത്രം നെറ്റ്ഫ്ലിക്സിന്റെ ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ ടോപ് മൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഭാഷാ അതിർവരമ്പുകൾ ഭേദിച്ച് നിരവധി പേരെ രസിപ്പിച്ച് മുന്നേറുകയാണ്.
മിന്നൽ മുരളി ചൈനയിലും ഹിറ്റായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ബേസിൽ. ചൈനയിലെ സ്കൂളിൽ മിന്നൽ മുരളി പ്രദർശിപ്പിക്കവേ പൊട്ടിച്ചിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ എന്‍റെ ദിനം ധന്യമാക്കിയെന്നാണ് ബേസിൽ കുറിച്ചത്. മികച്ച സിനിമ ആളുകൾക്ക് ഇഷ്ടപ്പെടാൻ ഭാഷ ഒരു പ്രശ്നമേയല്ലെന്നാണ്ആരാധകർ കമന്‍റിടുന്നത്.
അതോടൊപ്പം മിന്നൽ മുരളി 30 രാജ്യങ്ങളിലെ ടോപ് 10ൽ ഇടംപിടിച്ചതായും ബേസിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അർജന്‍റീന, ബ്രസീൽ, ബൊളീവിയ, ചിലെ, ഡൊമിനിക്കൻ റിപബ്ലിക്, ഹോണ്ടുറാസ്, ജമൈക്ക, പെറു, യുറുഗ്വായ് എന്നിവക്കൊപ്പം ആഫ്രക്കയിലെ മൗറീഷ്യസിലും നൈജീരിയയിലും മിന്നൽ മുരളി ട്രെൻഡിങ്ങായി. ഏഷ്യയിൽ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ബംഗ്ലാദേശ്, മലേഷ്യ, മാലദ്വീപ്, പാകിസ്താൻ, സിംഗപൂർ, ശ്രീലങ്ക എന്നിവിടങ്ങളിലും മിന്നൽ മുരളി ട്രെൻഡിങ് പട്ടികയിലുണ്ട്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി കഴിഞ്ഞ ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ആദ്യ ദിനം തന്നെ ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ എത്തി. തുടർച്ചയുണ്ടാകുമെന്ന് സൂചന നൽകിയാണ് ചിത്രം അവസാനിച്ചതെന്നതിനാൽ തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.