മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
text_fieldsന്യൂഡൽഹി: 2024ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം വിഖ്യാത ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ''തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മിഥുൻ ദായുടെത്. ഇന്ത്യൻ സിനിമകൾക്ക് നൽകിയ അതുല്യ സംഭാവനകൾക്ക് അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം അഭിമാനത്തോടെ സമർപ്പിക്കുന്നു. ''-കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
70ാമത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സിനിമ മേഖലയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന പുരസ്കാരമാണിത്.
മിഥുൻ ചക്രവർത്തിയെ ഈ വർഷം പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയാണ് പത്മ ഭൂഷൺ. മുൻ രാജ്യസഭാംഗമായ മിഥുൻ ചക്രവർത്തി 2021ൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. അടുത്തിടെ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിലും വേഷമിട്ടിട്ടുണ്ട്.
കൊൽക്കത്തയിൽ ജനിച്ച മിഥുൻ ചക്രവർത്തി 1976ലാണ് മൃഗയ എന്നി ചിത്രത്തിലൂടെ സിനിമയിലെത്തിയത്. കന്നി ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. തഹാദർ(1992) കഥ, സ്വാമി വിവേകാനന്ദൻ(1998)എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കൂടി സ്വന്തമാക്കി. കഴിഞ്ഞ തവണ വഹീദ റഹ്മാന് ആയിരുന്നു ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.