കീരവാണി മലയാളികൾക്കും പ്രിയങ്കരൻ
text_fieldsന്യൂഡൽഹി: ‘നാട്ടു നാട്ടു’ ഗാനത്തിന് സംഗീതസംവിധാനം നിർവഹിച്ച് സംഗീതലോകത്തിന്റെ കൊടുമുടിയിൽ എത്തിയ എം.എം. കീരവാണി മലയാള ഗാനാസ്വാദകർക്കും പ്രിയങ്കരൻ. തെലുങ്ക്, മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ സംഗീതസംവിധാനം നിർവഹിച്ച കീരവാണി ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് ഓസ്കര് പുരസ്കാരം സ്വീകരിക്കാനെത്തിയത്.
പുരസ്കാരസ്വീകരണത്തിനുശേഷം കീരവാണി നടത്തിയ ചെറുപ്രസംഗവും ശ്രദ്ധേയമായി. ‘അക്കാദമിക്ക് നന്ദി, കാര്‍പന്റേഴ്സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്കറുമായി ഇവിടെ നില്ക്കുന്നു.’ പിന്നീട് കീരവാണി പാടി,‘‘എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ രാജമൗലിക്കും എന്റെ കുടുംബത്തിനും. ആര്.ആര്.ആര് പുരസ്കാരം നേടണം, ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറണം. എന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണം.’’
1961 ജൂലൈ നാലിന് ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കൊവ്വൂരിലാണ് കൊഡൂരി മരതകമണി കീരവാണിയെന്ന എം.എം. കീരവാണിയുടെ ജനനം. 1990ൽ ‘മനസ്സു മമത’ എന്ന തെലുങ്കുചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ, ഒരു വർഷത്തിനു ശേഷം രാം ഗോപാൽ വർമയുടെ ‘ക്ഷണനിമിഷം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. തെലുങ്ക്, മലയാളം ചലച്ചിത്ര ലോകത്ത് എം.എം. കീരവാണി ആയിരിക്കുമ്പോൾ തമിഴിൽ മരഗതമണി എന്നും ഹിന്ദിയിൽ എം.എം ക്രീം എന്നുമാണ് അറിയപ്പെടുന്നത്.
1991ൽ ഐ.വി ശശിയുടെ ‘നീലഗിരി’യിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് ‘സൂര്യമാനസ’ത്തിലെ തരളിത രാവിൽ മയങ്ങിയോ എന്ന ഗാനം വൻ ഹിറ്റായി. സ്വർണചാമരം എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണമിട്ടത് കീരവാണിയാണ്. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ ഭരതന്റെ ദേവരാഗത്തിലെ ‘ശിശിര കാല മേഘമിഥുന’ ചിട്ടപ്പെടുത്തിയതും കീരവാണിയാണ്. ബാഹുബലിക്കും സംഗീതമൊരുക്കി. 2023ൽ പത്മശ്രീ, 1998ൽ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ഫിലിം അവാർഡ്, 2018, 2010, 1997 വർഷങ്ങളിൽ ഫിലിം ഫെയർ അവാർഡ്, നന്ദി അവാർഡ് തുടങ്ങിബഹുമതികളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.