'അമ്മ'യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; താരത്തിന് ഇത് മൂന്നാമൂഴം
text_fieldsകൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ. പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാൻ പത്രിക നൽകിയവർ പിൻവാങ്ങിയതിനെത്തുടർന്ന് എതിരില്ലാതെയാണ് മോഹൻലാൽ വീണ്ടും പ്രസിഡന്‍റാകുന്നത്. ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദനും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. നടൻ സിദ്ദീഖിന്‍റെ പിൻഗാമിയായാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തെത്തുന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ് അടക്കം രംഗത്തുണ്ട്. തുടർച്ചയായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഇക്കുറി പിൻവാങ്ങിയ പശ്ചാത്തലത്തിലാണിത്. ജോ. സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടിവ് കമ്മിറ്റി പദവികളിലേക്കും മത്സരമുണ്ട്. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകി. ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.
11 അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിൽ ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാലിനെതിരെ കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നൽകിയ നാമനിർദേശപത്രികകളാണ് പിൻവലിച്ചത്. മറ്റ് അംഗങ്ങളുടെ സമ്മർദത്തെ തുടർന്നായിരുന്നു തീരുമാനം. അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാലു വനിതകൾ വേണം. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.