'അമ്മ' തെരഞ്ഞെടുപ്പ് 19ന്; മോഹൻലാലും ഇടവേള ബാബുവും തുടരും
text_fieldsകൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പ്രസിഡൻറുസ്ഥാനത്ത് മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും തുടരുമെന്ന് ഉറപ്പായി. ഇരുവർക്കുമൊപ്പം ട്രഷററായി സിദ്ദീഖും ജോയൻറ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
തുടർച്ചയായി ഏഴാംതവണയാണ് ഇടവേള ബാബു സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും 'അമ്മ'യെ നയിക്കുന്നത്. മൂന്നുസ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിച്ചെങ്കിലും ഒന്നിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാൽ ഷമ്മി തിലകെൻറ പത്രികകൾ വരണാധികാരി സൂക്ഷ്മപരിശോധനയിൽ തള്ളി. രണ്ട് വൈസ് പ്രസിഡൻറുമാർക്കും 11 അംഗ കമ്മിറ്റിക്കുമായാണ് ഇനി തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡൻറുമാരായി ആശ ശരത്, ശ്വേതമേനോൻ എന്നിങ്ങനെ രണ്ട് വനിതകളെയാണ് ഔദ്യോഗിക പാനൽ നിർത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്. മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവർ മത്സരത്തിനുണ്ടായിരുന്നെങ്കിലും ഇവരിൽ ചിലർ വൈസ് പ്രസിഡൻറ് മത്സരത്തിൽനിന്ന് പിന്മാറിയേക്കും. ഏതാനും പേർ ഡമ്മി സ്ഥാനാർഥികളായാണ് പത്രിക നൽകിയതെന്നും സൂചനയുണ്ട്.
ഹണി റോസ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരെയാണ് ഔദ്യോഗിക പാനൽ കമ്മിറ്റി അംഗങ്ങളായി നിർത്തിയിട്ടുള്ളതെന്നാണ് വിവരം. ഉണ്ണി ശിവപാൽ പത്രിക നൽകിയിരുന്നെങ്കിലും പൂർണമല്ലാത്തതിനാൽ തള്ളി. ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവർ കമ്മിറ്റി മത്സരത്തിൽ ഉണ്ടെങ്കിലും ഏതാനുംപേർ പിൻവലിക്കുമെന്ന് സൂചനയുണ്ട്. പത്രിക ഈ മാസം എട്ടുവരെ പിൻവലിക്കാം. ഒമ്പതോടെ തെരഞ്ഞെടുപ്പുചിത്രം വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.