വർഷങ്ങൾക്ക് ശേഷം വക്കീൽ വേഷത്തിൽ മോഹൻലാൽ! 'ലീഗൽ ത്രില്ലർ ഡ്രാമ' ചിത്രവുമായി ജീത്തു ജോസഫ്
text_fieldsമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്’. സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് ആരംഭിച്ചു. മൈസൂറിൽ ‘വൃഷഭ’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു മോഹൻലാൽ. വൃഷഭയുടെ ഒരു ഷെഡ്യുൾ പൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തെത്തിയത്.
ഏതാണ്ട് ഒന്നര മാസത്തോളം ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. കലാസംവിധായകനായ ബോബൻ ഒരുക്കിയ ഒരു സെറ്റിലായിരുന്നു ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും മോഹൻലാലിനോടൊപ്പം ഇവിടെ നടന്ന ചിത്രീകരണത്തിൽ പങ്കെടുക്കുകയുണ്ടായി.
ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണിത്. ദൃശ്യം ഉൾപ്പടെ കഴിഞ്ഞ മൂന്നു സിനിമകളും മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.
കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ, സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർത്ഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്‌ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പിആർഓ വാഴൂർ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.