12 വർഷങ്ങളുടെ ഇടവേളക്കുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു
text_fields12 വർഷങ്ങളുടെ ഇടവേളക്കുശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ആശീർവാദ് ഫിലിംസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്.
'അവസാനം കാത്തിരിപ്പിന് അറുതിയായി. ഷാജി കൈലാസുമായി ചേർന്നുള്ള എന്‍റെ പുതിയ പ്രോജക്ട് ഒക്ടോബർ 2021ൽ ചിത്രീകരണം ആരംഭിക്കുന്ന വിവരം ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും അറിയിക്കുന്നു. രാജേഷ് ജയറാമാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഞാനും ഷാജിയും നീണ്ട 12 വർഷങ്ങൾക്കുശേഷമാണ് ഒരുമിക്കുന്നത്. എനിക്ക് ഉറപ്പുണ്ട്, ഈ കാത്തിരിപ്പിന് ഫലമുണ്ടാകുമെന്ന്' -ഷാജി കൈലാസിനും ആന്‍റണി പെരുമ്പാവൂരിനും രാജേഷ് ജയറാമിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചു.
2009ൽ റിലീസ് ചെയ്ത 'റെഡ് ചില്ലീസ്' ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ മോഹൻലാൽ സ്വന്തം സിനിമയായ 'ബറോസി'ന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.