അടുത്ത സുഹൃത്തുക്കളിൽ ഒരാളെ നഷ്ടപ്പെട്ടു; കുണ്ടറ ജോണിയുടെ വിയോഗത്തിൽ മോഹൻലാൽ
text_fieldsനടൻ കുണ്ടറ ജോണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവെച്ച് നടൻ മോഹൻലാൽ. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ'- മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു.
ഒക്ടോബർ17 ന് രാത്രിയാണ് നടൻ കുണ്ടറ ജോണി(71) അന്തരിച്ചത്.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ മേപ്പാടിയാനാണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തെ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ജോണി അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.