അഭ്യൂഹങ്ങൾക്ക് വിരാമം; എംപുരാൻ 27ന് തന്നെ തിയേറ്ററുകളിൽ എത്തും
text_fieldsലൂസിഫറിന്‍റെ രണ്ടാം ഭാഗമായെത്തുന്ന മോഹൻലാൽ ചിത്രം എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തിയേറ്ററുകളിൽ എത്താൻ വൈകുമെന്ന രീതിയിൽ അഭ്യൂഹങ്ങളുയർന്നിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാലിപ്പോൾ, ചിത്രം നേരത്തെ തീരുമാനിച്ചതു പ്രകാരം മാർച്ച് 27ന് തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. എംപുരാൻ കേരളത്തിൽ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
മോഹൻലാലിനെ നായകനാക്കി മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കുന്ന എംപുരാന്‍റെ ടീസറും ക്യാരക്ടർ പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ലൂസിഫർ ഫ്രാഞ്ചൈസിയിൽ രണ്ടാമത്തേതാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും തിയേറ്ററുകളിലെത്തും.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.