നാഗവല്ലി വീണ്ടും, മലയാളത്തിലെ ഏറ്റവും വലിയ റീ റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്; തീയതി പുറത്ത്
text_fieldsദേവദൂതന് പിന്നാലെ മോഹൻലാലിന്റെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം കൂടി റീറിലീസിനൊരുങ്ങുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആഗസ്റ്റ് 17 ന് 4കെ ദൃശ്യമികവിലാണ് ചിത്രമെത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്. മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ സിനിമയുടെ റീ റിലീസിനെക്കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ തീയതിയോ മറ്റുവിവരങ്ങളോ പുറത്തുവന്നിരുന്നില്ല.നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററില്‍ എത്തുമ്പോള്‍ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1993 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽഇന്നസെന്‍റ്, തിലകന്‍, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ കൈകളിൽ എത്തിയപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവമായി മാറുകയായിരുന്നു.ഗംഗ-നാഗവല്ലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഇന്നും നാഗവല്ലിയും രാമനാഥനും ഡോ. സണ്ണിയും നകുലനുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
മലയാളത്തിലേത് പോലെ അന്യഭാഷ പ്രേക്ഷകർക്കും നാഗവല്ലി ഏറെ പ്രിയങ്കരിയാണ്.ചിത്രം അന്യഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. സൂപ്പർസ്റ്റാർ രജനികാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും കന്നടയിൽ ആപ്തമിത്ര, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലുമാണ് ചിത്രമെത്തിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.