നടന വിസ്മയം; 64ന്റെ ചെറുപ്പത്തിൽ മോഹൻലാൽ
text_fieldsആ കഥാപാത്രത്തെ മറ്റാർക്കും ഇത്രയും തീവ്രതയോടെ ചെയ്യാൻ കഴിയില്ല എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്ന ഒരേയെരു നടൻ. പാടി ആടിത്തിമിർത്ത് ഒരോ സംവിധായകനേയും അതിലുപരി പ്രേക്ഷകനേയും വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭാസം. നിമിഷം കൊണ്ട് കഥാപാത്രമായി മാറാനുള്ള അസമാന്യമായ കഴിവ് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറാക്കുന്നത്. ഇന്ന് 64ന്റെ ചെറുപ്പത്തിലും ലോകസിനിമയെ വിസ്മയിപ്പിക്കുകയാണ് ലാലേട്ടൻ.
മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞ ഡയലോഗ് കടമെടുത്താൽ അറിയുംതോറും അകലം കൂടുന്ന മഹാസാഗരം തന്നെയാണ് മോഹൻലാൽ. അതുകൊണ്ടാണ് സംവിധായകരും അണിയറപ്രവർത്തകർക്കുമെല്ലാം മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ വിശേഷണങ്ങൾ മതിയാവാത്തത്. ഏതൊരു സംവിധായകനേയും തന്റെ ആരാധകൻ കൂടിയാക്കുന്ന മാജിക്ക് കൂടി അറിയുന്ന ജാലവിദ്യക്കാരൻ കൂടിയാണ് അദ്ദേഹം.
മഞ്ഞിൽവിരിഞ്ഞപൂക്കളിൽ വില്ലനായി മോഹൻലാലിനെ ഫാസിൽ തെരഞ്ഞെടുക്കുമ്പോൾ മലയാള സിനിമയുടെ തലവരമാറ്റാൻ കഴിവുള്ള അതുല്യകലാകാരൻ അയാളിൽ ഒളിച്ചിരിപ്പുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ വില്ലന്റെ നായകനിലേക്കുള്ള യാത്ര വളരെ വേഗത്തിലായിരുന്നു. 80 കളിൽ നിന്നും 90 കളെത്തിയപ്പോൾ മോഹൻലാലിന്റെ ക്ലാസും മാസും ചേർന്ന കഥാപാത്രങ്ങൾ തിരശ്ശീലയിൽ ആളിപ്പടർന്നു. അങ്ങനെ മോഹൻലാൽ മലയാളികളുടെ ലാലേട്ടനായി.
'ഗാഥേ... സ്റ്റിൽ ഐ ലവ് യു...' എന്ന് പറയുന്ന കഥാപാത്രത്തിന്റെ മാനറിസം മാത്രം മതി മോഹൻലാലിലെ കള്ള കാമുകനെ കാണാൻ. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ചിത്രം, നാടോടിക്കാറ്റ്, കിലുക്കം തുടങ്ങി നിരവധി സിനിമകളിലൂടെ നർമത്തിൽ ചാലിച്ച ജീവിതയാഥാർഥ്യങ്ങളാണ് അവതരിപ്പിച്ചത്. അതേസമയത്താണ് കിരീടത്തിലെ സേതുമാധവനായും ഭരതത്തിലെ കലൂർ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും കമലദളത്തിലെ നന്ദഗോപനായും പിൻഗാമിയെ ക്യാപ്റ്റൻ വിജയ്മേനോനായും ഇരുവറിലെ ആനന്ദനായും വാനപ്രസ്ഥതത്തിലെ കുഞ്ഞിക്കുട്ടനായും ക്ലാസിക് പകർന്നാട്ടങ്ങൾ നടത്തിയത്. വിൻസന്റ് ഗോമസായും പിന്നീട് മംഗലശ്ശേരി നീലകണ്ഠനും ആടുതോമയുമായും മാസ് പ്രകടനത്തിലൂടെയും മോഹൻലാൽ മലയാളി മനസ്സിൽ കുടിയേറി. അതിനിടെ സോളമനായും ക്ലാരയെ പ്രണയിക്കുന്ന ജയകൃഷ്ണനായും പ്രണയത്തിന്റെ തീവ്രത കൂടി അദ്ദേഹം വരിച്ചിട്ടു.
ഒരേ സമയം ക്ലാസാകാനും മാസാകാനും മോഹൻലാലിനെ കൊണ്ടേ കഴിയൂ. മീശയൊന്ന് പിരിച്ച് മാസ് ആവാനും മീശ പിരിക്കാതെ ക്ലാസ് ആവാനും അദ്ദേഹത്തിനെ കഴിയൂ. ഒരു നോട്ടം കൊണ്ട് മലയാളിയെ ചിരിപ്പിക്കാനും ആ നോട്ടമൊന്ന് ചെറുതായി മാറ്റി പ്രക്ഷകനെ പൊട്ടിക്കരയിക്കാനുമുള്ള കഴിവ് ഒരു ബോൺ ആക്ടർക്കേ ഉണ്ടാവൂ. അത് കൊണ്ടാണ് ഇന്നും കത്തി താഴെ ഇട്ട് നിൽക്കുന്ന സേതുമാധവനെ കാണുമ്പോൾ നാം കരയുന്നത്, തൻമാത്രയിലെ അൽഷിമേഴ്സ് രോഗിയെ കണ്ട് ഭയക്കുന്നത്.. മനുഷ്യ കഥാപാത്രങ്ങളെ ഇത്രയും പൂർണതയോടെ അവതരിപ്പിക്കാൻ മോഹൻലാലിന് മാത്രമേ കഴിയൂ എന്നുവരെ തോന്നിപ്പിക്കാൻ ലാലേട്ടനേ സാധിക്കൂ. വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ലാൽ മാജിക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ... ആ ദൃശ്യവിരുന്നിനായി നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.