മോഹൻ ലാലിന്റെ ജന്മദിനം: നിത്യജീവനുള്ള മഹാജീനിയസ്സെന്ന് സമദാനി
text_fieldsമലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ചൊവ്വാഴ്ച. ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസനേർന്നിരിക്കുകയാണ് എം.പി. അബ്ദുൾ സമദാനി എം.പി. ഫേസ് ബുക്കിലെഴുതിയ കുറിപ്പിനൊപ്പം ലാലുമായുള്ള ആത്മബന്ധത്തിന്റെ അടയാളമായി വീഡിയോയും ചേർത്തിട്ടുണ്ട്.
കുറിപ്പ് പൂർണരൂപത്തിൽ
‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ജന്മദിനമാണ് നാളെ. മഹാമേരുപോൽ ഉയർന്നുനിൽക്കുന്ന ലാലിന്റെ മഹാപ്രതിഭയ്ക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ ! അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്‍മാനുമായിരിക്കട്ടെ.
എനിക്ക് മോഹൻലാൽ വിശ്വസ്‍തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളിൽ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും.
ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്‍പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും, "അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നതെ"ന്ന് അദ്ദേഹത്തിന്റെ വന്ദ്യമാതാവിന്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്!
മോഹൻലാലിന്റെ അനർഘമായ പ്രതിഭയുടെയും അനന്യസാധാരണമായ കലാപ്രക്രിയയുടെയും ആവിഷ്കാരങ്ങളും അതിശയങ്ങളും കണ്ട് നമ്മുടെ നാടിൻ്റെ സംസ്കാരികഹൃദയം ഭ്രമിച്ചുപോയ അമൂല്യമായ സന്ദർഭങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. പക്ഷെ, ആ നടനനഭസ്സിലെ വർണ്ണവൈവിധ്യത്തിന്റെ വിസ്മയസ്മിതങ്ങൾക്കവസാനമില്ല. സ്ഫുടം ചെയ്യപ്പെട്ട തൻ്റെ സ്വത്വത്തിന്റെ ശക്തിവിശേഷത്താൽ ഇനിയുമൊട്ടേറെ അസാധ്യതകളെ അദ്ദേഹം സാധ്യമാക്കാനിരിക്കുന്നു. ഹൃദയത്തിൻ്റെ നിമ്നോന്നതങ്ങളും ജീവിതത്തിൻ്റെ കനവിലും നിനവിലും പൂക്കുന്ന കണ്ണീരിന്റെ മേഘരൂപങ്ങളും പുഞ്ചിരിയുടെ നിലാപെയ്ത്തുമെല്ലാം ലാലിൻ്റെ കല ചൊരിഞ്ഞേകുന്ന സ്നേഹപ്രവാഹത്തിലൂടെ ഇനിയുമെത്രയോ അനുഭവവേദ്യമാകാനിരിക്കുന്നു.
ഇടിമിന്നലിന്റെ ഗാംഭീര്യവും അലമാലകൾ അലതല്ലുന്ന സാഗരത്തിന്റെ ഗരിമയും മനുഷ്യാത്മാവിനെ പുണർന്നൊഴുകുന്ന നിലാവിൻ്റെ കുളിർമയും അരുണോദയത്തിൽ വിടരുന്ന മലരിന്റെ മന്ദഹാസവുമെല്ലാം ലാലിൻ്റെ ശക്തവും ദീപ്തവുമായ വദനചിത്രത്തിൽ തെളിഞ്ഞ എത്രയോ കലാമുഹൂർത്തങ്ങൾക്ക് പ്രേക്ഷകലക്ഷങ്ങൾ സാക്ഷികളായിരിക്കുന്നു.
ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട മോഹൻലാലിന്റെ ജീവിതാരോഹണങ്ങൾ.
സ്നേഹനിധിയായ, അപൂർവ്വരിൽ അപൂർവ്വനായ (Rarest among the rare) ഈ കലാകാരന്
ജന്മദിനസന്ദേശമായി ഈ കാവ്യശകലം മാത്രം:
" സുനാ ഹെ ഖാക് സേ
തേരീ നുമൂദ് ഹെ ലേകിൻ;
തേരീ സരിശ്ത് മേം ഹെ
കോകബീ വൊ മെഹ്താബീ "
("നിന്നെക്കുറിച്ച് കേട്ടതത്രയും
മണ്ണുകൊണ്ടാണ് നിൻ്റെ പ്രകൃതമെന്നാണ്; പക്ഷെ, നിൻ്റെ ഘടനയിൽ കാൺമതോ
ചന്ദ്രശോഭയും നക്ഷത്രവീര്യവുമത്രെ !")
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.