മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് 40- ഓഡിഷനിൽ പറഞ്ഞത് രജനിയെ അനുകരിക്കാൻ, അറിയില്ലെന്ന് ലാൽ; പിന്നെ പിറന്നത് ചരിത്രം
text_fieldsഉണ്ണിയേശു പിറന്നപ്പോൾ വെള്ളിമേഘങ്ങൾക്കിടയിൽ താരകമുദിച്ചുയർന്നപോലെ, 40 വർഷം മുമ്പത്തെ ക്രിസ്മസ് നാളിൽ മലയാളത്തിന്‍റെ വെള്ളിത്തിരയിലും ഒരു താരകമുദിച്ചിരുന്നു. ഇന്നും തിളക്കം മങ്ങാതെ നിൽക്കുന്ന മോഹൻലാൽ എന്ന താരകം. മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ പ്രേക്ഷക മനസ്സുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'ക്ക് ഇന്ന് 40 വയസ്സ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1980 ഡിസംബർ 25നാണ് റിലീസ് ചെയ്തത്. ശങ്കർ നായകനായ ചിത്രത്തിൽ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായെത്തി, നായകനെ വെല്ലുന്ന പ്രതിനായകനായി മികച്ച പ്രകടനമാണ് ലാൽ കാഴ്ചവെച്ചത്. അരങ്ങേറ്റ ചിത്രത്തിലെ 'ഗുഡ് ഈവ്നിങ് മിസിസ് പ്രഭാ നരേന്ദ്രൻ' എന്ന ആദ്യ ഡയലോഗിലൂടെ തന്നെ മലയാളി ശ്രദ്ധിച്ചുതുടങ്ങി ഈ നടനെ. പിന്നെയെല്ലാം ചരിത്രം.
അവസാനത്തെ ദിവസമാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ന്‍റെ ഓഡിഷനായി തന്‍റെ അപേക്ഷ സുഹൃത്തുക്കൾ അയക്കുന്നതെന്ന് ലാല്‍ ഓർത്തെടുക്കുന്നു. അന്ന് സിബി മലയില്‍, ഫാസില്‍, ജിജോ തുടങ്ങിയവരാണ് ഓഡിഷനില്‍ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. ഇവര്‍ മൂന്നുപേരും കൂടി അന്ന് ലാലിനോട് രജനികാന്തിനെ പോലെ അഭിനയിക്കാനാണ് പറഞ്ഞത്. 'എനിക്കതൊന്നും അറിയില്ല, എനിക്കറിയാവുന്നതുപോലെ ഞാൻ ചെയ്യാം' എന്നായിരുന്നു ലാലിന്‍റെ മറുപടി. തുടർന്ന് അഭിനയിച്ചപ്പോൾ അന്ന് സഹസംവിധായകനായ സിബി മലയിൽ ലാലിന് നൽകിയത് നൂറിൽ രണ്ട് മാർക്ക് ആണ്. സംവിധായകൻ ഫാസില്‍ 95 മാർക്കും നിർമ്മാതാവായ ജിജോ 97 മാർക്കും കൊടുത്തതോടെ വില്ലനായി ലാൽ സ്ക്രീനിലെത്തി.
അന്ന് തനിക്ക് രണ്ട് മാര്‍ക്ക് നൽകിയ സിബി മലയിലിന്‍റെ സിനിമയില്‍ അഭിനയിച്ചിട്ടാണ് പിന്നീട് ലാൽ രണ്ട് തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിയതെന്നത് മറ്റൊരു കൗതുകം. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം, ഭരതം തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്..
'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ഇറങ്ങിയതിന് പിന്നാലെ ലാലിന് അവസരങ്ങള്‍ കൂടി. കരിയറിന്‍റെ തുടക്കത്തില്‍ വില്ലനായും സഹനടനായുമുളള റോളുകളിലാണ് ലാൽ കൂടൂതല്‍ തിളങ്ങിയത്. പിന്നീട് തോൾ ചെരിഞ്ഞുള്ള ആ നടത്തവും അനായാസ അഭിനയവും മലയാളി പ്രേക്ഷകരെ കീഴടക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അമ്പരന്ന് പോകുന്നു; എന്തൊരു ഓട്ടമായിരുന്നു -ലാൽ
സിനിമയിലെത്തിയ ശേഷമുള്ള നാളുകളെ കുറിച്ച് പിന്നീട് ലാൽ തന്‍റെ ബ്ലോഗിൽ കുറിച്ചത് ഇങ്ങനെ -നവോദയ നിർമിച്ച് ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്‍റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചത് പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും ഇന്നും). എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്കിഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകൾ നോക്കിക്കൊണ്ടേ ഇരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അമ്പരന്ന് പോകുന്നു എന്തൊരു ഓട്ടമായിരുന്നു. പിന്നീട് സിനിമകൾക്ക് പിന്നാലെ സിനിമകൾ വന്നു. കഥാപാത്രങ്ങൾക്ക് പിറകേ കഥാപാത്രങ്ങൾ എത്തിക്കൊണ്ടേ ഇരുന്നു. കൊടുങ്കാറ്റിൽപ്പെട്ട ഒരു കരിയില പോലെ ഞാൻ ഉഴറി പറക്കുകയായിരുന്നു. എന്‍റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്‍റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാൻ ഞാൻ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകി ഒഴുകി വരുന്ന കല്ലിൻ കഷ്ണം പോലെയായിരുന്നു ഞാൻ. നദിയുടെ വേഗത്തിനും താളത്തിനും അനുസരിച്ച് ഞാൻ നിന്നു കൊടുത്തു.
വെളളത്തിന്‍റെ ശക്തി കല്ലിനെ എന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാൻ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്ക് അശേഷം ബോധ്യമില്ലായിരുന്നത് കൊണ്ട് സിനിമകളുടെ തിരഞ്ഞെടുപ്പുകൾ എനിക്ക് സാധ്യമല്ലായിരുന്നു. ഇത് തന്നെയോ എന്‍റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുമ്പ് സിനിമകൾക്ക് പിറകേ സിനിമകൾ വന്നു കൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങൾ ഞാൻ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോൾ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാൻ സാധിക്കുന്നില്ല. എവിടെയാണ് അവ ചിത്രീകരിച്ചത് എന്ന് ഓർക്കാൻ സാധിക്കുന്നില്ല . ഏതോ ഒരു ശക്തി എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്നേ പറയാൻ സാധിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.