മരക്കാറും ജയ് ഭീമും ഓസ്കാർ ചുരുക്കപ്പട്ടികയിൽ
text_fieldsന്യൂഡൽഹി: പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ 'മരക്കാർ- അറബിക്കടലിന്റെ സിംഹം' ഓസ്കർ ചുരുക്കപ്പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടം നേടിയിരിക്കുന്നത്.
276 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ മരക്കാറിനൊപ്പം സൂര്യ നായകനായ 'ജയ് ഭീം' എന്ന തമിഴ് ചിത്രവും ഇടംപിടിച്ചു. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം ഇരുള സമുദായത്തിന് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെ കഥയാണ് പറയുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരൂപക-പ്രേക്ഷക പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. ഈ വർഷം ഫെബ്രുവരി എട്ടിന് അന്തിമ നോമിനേഷൻ പട്ടിക പുറത്തുവിടും.
ചരിത്രപുരുഷൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ 'മരക്കാർ-അറബിക്കടലിന്റെ സിംഹം' മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്‌കാരം നേടിയിരുന്നു.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസ് ചെയ്തത്. മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ എന്നിവരടക്കം വൻ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.