നയന്‍താരയും സഹസംവിധായകനും തമ്മിൽ തർക്കം; മൂക്കൂത്തി അമ്മനിൽ നായിക മാറുമോ?
text_fieldsനയൻതാര നായികയായി എത്തിയ 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മൂക്കൂത്തി അമ്മൻ 2 ചിത്രീകരണം നടക്കുകയാണ്. 2020-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം സുന്ദര്‍ സി.യാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് ആറിന് ചിത്രത്തിന്‍റെ പൂജ നടന്നിരുന്നു. ഇപ്പോഴിതാ ചിത്രീകരണം അനിശ്ചിതാവസ്ഥയിലാണെന്ന വാർത്തകളാണ് വരുന്നത്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നയൻതാരയും സഹസംവിധായകനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നയൻതാര സഹസംവിധായകനെ ശാസിച്ചെന്നും സെറ്റ് അസ്വസ്ഥമായതോടെ സുന്ദർ സി ഷൂട്ടിങ് നിർത്തിവെച്ചുവെന്നുമാണ് വിവരം. നയൻതാരക്ക് പകരം തമന്നയെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്.
എന്നാൽ, നിർമാതാവ് ഇഷാരി കെ. ഗണേഷ് ഇടപെട്ട് നയൻതാരയുമായി ചർച്ചകൾ നടത്തിയെന്നും പൊള്ളാച്ചി ഷെഡ്യൂൾ റദ്ദാക്കാൻ ടീം തീരുമാനിച്ചതായും പകരം ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ചിത്രീകരണം പുനരാരംഭിച്ചതായും വാർത്തകൾ വരുന്നുണ്ട്.
ആരാധകര്‍ കാത്തിരിക്കുന്ന നയൻതാരയുടെ ബിഗ് ബജറ്റ് ചിത്രമാണ് മൂക്കുത്തി അമ്മന്‍ 2. 2020ൽ ഇറങ്ങിയ ആദ്യം ഭാഗം വൻ വിജയമായിരുന്നു. ആർ.ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മൻ. എൻ.ജെ ശരവണൻ സഹ സംവിധായകനായ ചിത്രത്തിൽ നയൻതാരയെ കൂടാതെ ബാലാജി, ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലൻകോടി എന്നിവരും പ്രധാന വേഷത്തിലെത്തി.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മുക്കൂത്തി അമ്മനിൽ നയൻതാര 12 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുണ്ട്. മുക്കൂത്തി അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ. ഗണേഷ് പറഞ്ഞത്. 100 കോടിയാണ് സിനിമയുടെ ബജറ്റ്. 30 ദിവസം കൊണ്ട് സുന്ദര്‍ സി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.