മോണിക്ക ഒരു എ.ഐ സ്റ്റോറി
text_fieldsേകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നു
ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ ഇന്ത്യയിലെ ആദ്യ എ.ഐ തീമിലുള്ള സിനിമ എന്ന് അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ മേയ് 31ന് തിയറ്ററുകളിൽ എത്തുകയാണ്. ഇതുവരെ കണ്ട പ്രമേയ ചട്ടക്കൂടിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഈ സിനിമ.
വരുംനാളുകളിൽ മനുഷ്യരും എ.ഐയും എങ്ങനെയെല്ലാം ബന്ധപ്പെടാം എന്ന ചിന്തയിലേക്ക് ഈ സിനിമ കാണികളെ കൂട്ടിക്കൊണ്ടുപോകുമെന്ന് നിർമാതാവും സംവിധായകൻ ഇ.എം. അഷ്റഫുമായി കൂട്ടുചേർന്ന് തിരക്കഥ രചനയിൽ പങ്കാളിയുമായ മൻസൂർ പള്ളൂർ പറയുന്നു. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളുമായി നിർമാതാവും സംവിധായകനും.
മാനുഷിക വികാരങ്ങളും നിർമിതബുദ്ധിയും
മൻസൂർ പള്ളൂർ: സംവിധായകൻ ഇ.എം. അഷ്റഫ് നേരത്തേ കന്നടയിൽ ‘ബാലവദ ജാദൂഗര’ (ബാല വനത്തിലെ മാന്ത്രികൻ) എന്ന സിനിമ ചെയ്തിരുന്നു. ജ്ഞാനപീഠ ജേതാവ് ശിവരാമ കാരന്തിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു അത്. മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീർ കേന്ദ്രകഥാപാത്രമായുള്ള സിനിമയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്.
പിന്നീട് നിർമിത ബുദ്ധിയിലേക്ക് മാറാൻ ഞങ്ങൾ രണ്ടുപേർക്കും പ്രചോദനമായത് അന്ന് പ്ലസ് ടുവിന് പഠിക്കുന്ന എന്റെ മകൻ മനാസാണ്. രണ്ടുവർഷം മുമ്പ് അവനാണ് എന്നോട് എ.ഐ വിഷയമാക്കി ഒരു സിനിമ ചെയ്തുകൂടെ എന്നു ചോദിച്ചത്. ടീനേജ് കുട്ടികൾ ആണല്ലോ ഈ കാലഘട്ടത്തിൽ സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കുന്നത്. അങ്ങനെയാണ് ഈ വിഷയം സംവിധായകനുമായി സംസാരിക്കുന്നതും തിരക്കഥ രചനയിൽ പങ്കാളിയാവുന്നതും.
‘ഉരു’വിനു ശേഷം വീണ്ടും ഒന്നിക്കുമ്പോൾ
ഇ.എം. അഷറഫ്: കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുള്ള ആളുകൾക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് ഞങ്ങൾ മനസ്സിൽ കണ്ടത്. അതിൽ വിജയിച്ചു എന്നുതന്നെയാണ് സംവിധായകൻ എന്ന നിലയിൽ എന്റെ വിശ്വാസം.
ഉപേക്ഷിക്കപ്പെടുന്ന ബാല്യത്തിന്റെ ആകുലതകൾ മനസ്സിലാക്കാതെ പോകുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തകാലത്തിറങ്ങിയ പല സിനിമകളും തിന്മയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. അത്തരം സിനിമകൾ നിർമാതാവിന്റെയും സംവിധായകന്റെയും കീശ നിറക്കും എന്നല്ലാതെ സമൂഹത്തിന് എന്ത് ഗുണമാണ് ചെയ്യുന്നതെന്ന് ആലോചിക്കണം. അവിടെയാണ് ഈ സിനിമ വേറിട്ടുനിൽക്കുന്നത്.
ചിത്രീകരണവും ടീമും
മൻസൂർ പള്ളൂർ: നല്ലൊരു ടീം വർക്കാണ് ഈ സിനിമ. കാമറമാൻ സജീഷ് രാജിന്റെയും എഡിറ്റിങ് നിർവഹിച്ച ഹരി ജി. നായർ, വി.എഫ്.എക്സ് വിജേഷ് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെയും പ്രവർത്തനം ഗംഭീരമായി. ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ് എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരിയായ അപർണ മൾബറിയാണ് ഇതിൽ മോണിക്ക എന്ന എ.ഐ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായി, അനിൽ ബേബി, ആൽബർട്ട് അലക്സ്, ശുഭ കാഞ്ഞങ്ങാട്, പി.കെ. അബ്ദുല്ല, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദ ജ്യോതി, ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കിക്കാൻ, ആൻ മീരാദേവ്, ഹാനിം അലൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ലിറിക്സ് ടച്ച്
മൻസൂർ പള്ളൂർ: പണ്ടുമുതലേ എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ടാണ് ‘കുട്ടിക്കുപ്പായം’ എന്ന സിനിമയിൽ പി. ഭാസ്കരൻ മാസ്റ്റർ എഴുതിയ ‘ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ’ എന്ന ഗാനം. അതിന്റെ ഈണത്തിൽ ഒരു പാട്ടെഴുതാൻ എന്നെ നിർബന്ധിച്ചത് സംവിധായകനാണ്. ഒപ്പം സംഗീതസംവിധായകൻ യൂനുസിയോയുടെ പ്രോത്സാഹനം കൂടിയായപ്പോൾ പാട്ട് റെഡി. റാപ്പും നാടൻ ശീലുകളും ചേർത്ത് എഴുതിയ വരികളാണ് ‘ആടിയും പാടിയും’ എന്നു തുടങ്ങുന്ന ഗാനം.
ആക്ടിങ് ടച്ച്
ഇ.എം. അഷ്റഫ്: നിർമാതാവ് എന്ന നിലയിൽ മാത്രമല്ല ഞാൻ മൻസൂർ പള്ളൂരിനെ കാണുന്നത്. അദ്ദേഹം ഒരു കലാകാരനാണ്. ധാരാളം സിനിമ കാണുന്ന ആളാണ്. എവിടെപ്പോയാലും ഒരു ഹോം തിയറ്റർ സ്വന്തമാക്കും. പഠിക്കുന്ന കാലത്തൊക്കെ സ്കൂൾ നാടകങ്ങളിൽ നിരവധി വേഷം ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ പ്രധാനാധ്യാപകൻ സുധാകരൻ മാസ്റ്ററുടെ റോൾ മൻസൂറാണ് ചെയ്യുന്നത്. നടൻ എന്ന നിലയിൽ മൻസൂർ പള്ളൂരിന് നല്ല ഭാവിയുണ്ട്.
ഈ സിനിമ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. ഇത് ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ട് അവർക്ക് ദിശാബോധം നൽകുന്ന സിനിമയാണ്, ഒട്ടും മുഷിപ്പില്ലാതെ കാണാൻ കഴിയുന്ന ഒരു സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.