ഫീൽ ഗുഡ് റൊമാന്റിക് വാമ്പയർ
text_fieldsരക്തരക്ഷസുകളുടെ കഥകൾ പലതലത്തിൽ വന്നിട്ടുണ്ടെങ്കിലും ഫീൽ ഗുഡ് റൊമാന്റിക് സ്വഭാവത്തിലൂടെ വന്ന് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വ്യത്യസ്തത നിറഞ്ഞ നെറ്റ്ഫ്ലിക്സ് ഹിന്ദി വെബ്സീരീസാണ് ‘ടൂത്ത് പാരി -വെൻ ലവ് ബൈറ്റ്സ്’. ഹിന്ദിയിൽ ടൂത്ത് പാരി എന്നാണ് പേരെങ്കിലും ‘ട്രൂത്ത് ഫെയറി’ എന്നാണ് അർഥമാക്കുന്നത്. പല്ലു നന്നാക്കാൻ വരുന്ന വാമ്പയറും (രക്ഷസ്സ് ) ദന്ത ഡോക്ടറും തമ്മിലുള്ള രസകരമായ പ്രണയമാണ് ഈ വെബ്സീരീസിന്റെ കഥാബീജം. രാത്രികാലങ്ങളിൽ മനുഷ്യരുടെ രക്തം ഊറ്റിക്കുടിക്കുന്ന വാമ്പയർ (Vampire) സംഘം. ആ സംഘത്തിൽപ്പെട്ട നായിക ഒരു ദിവസം രാത്രി ഒരാളുടെ രക്തം കുടിക്കുന്നതിനിടെ പല്ലിന് ക്ഷതം സംഭവിക്കുന്നു. അത് ശരിയാക്കാനായി അന്വേഷിച്ചൊടുവിൽ ഒരു ദന്ത ഡോക്ടറുടെ അടുത്തെത്തുന്നു. അവിടെ വെച്ച് അവർ തമ്മിൽ കൂടുതൽ സംസാരിക്കുകയും അടുത്തിടപഴകുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. ആ ബന്ധം മുന്നോട്ടുപോകവെ താൻ പ്രണയിക്കുന്നത് ഒരു വാമ്പയറിനെയാണെന്ന സത്യം ഡോക്ടർ തിരിച്ചറിയുന്നു. പിന്നീട് ഉദ്വേഗം ജനിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇവർക്കിടയിലുണ്ടാകുന്നത്.
നെറ്റ്ഫ്ലിക്സിൽ ഒരു സീസണിൽ എട്ടു എപ്പിസോഡുകളുള്ള ഈ ആദ്യ സീസണിൽ നായിക റൂമി ആയി വരുന്നത് താന്യ മാണിക്തലയാണ്. റൂമിയുടെ പ്രണയനായകൻ, മനുഷ്യനായ ഡോ. ബിക്രം റോയ് ആയി എത്തുന്നത് ശാന്തനു മഹേശ്വരിയുമാണ്. രേവതിയും സറീന വഹാബും ആദിൽ ഹസനും സിക്കന്ദർ ഖേറും തിലോത്തമ ഷൊമെയും ഒക്കെ ചേരുന്ന ഈ പാരലൽ ലോകങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ, പക, പ്രതികാരം ഒക്കെ രസകരമായി കണ്ടിരിക്കാം. കൊൽക്കത്തയുടെ തെരുവുകളും മെട്രോ റെയിലും ഇടക്കിടക്കുള്ള ബംഗാളി ഡയലോഗുകളും സംഗീതവും എല്ലാം ചേർന്ന് കഥാപരിസരം മനോഹരമാക്കിയിട്ടുണ്ട്. പ്രതീം ദാസ് ഗുപ്തയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അവസാന എപ്പിസോഡിൽ ബാക്കിയാകുന്ന ചോദ്യങ്ങൾക്ക് അടുത്ത സീസൺ മറുപടി നൽകുമെന്ന പ്രതീക്ഷയോടെയാണ് വെബ്സീരീസ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.