വാരിയം കുന്നന് ശേഷം മാപ്പിള ഖലാസികളുടെ കഥ പറയാനും മത്സരം? ചിത്രങ്ങൾ പ്രഖ്യാപിച്ച് വി.എ ശ്രീകുമാറും ദിലീപും
text_fieldsവാരിയംകുന്നന് ശേഷം മലയാള സിനിമയിൽ ഒരേ വിഷയത്തിൽ ഇന്ന് പ്രഖ്യാപിക്കപ്പെട്ടത് രണ്ട് ചിത്രങ്ങൾ. മലബാർ മാപ്പിള ഖലാസികളുടെ സാഹസിക ജീവിതകഥ പറയുന്ന ചിത്രങ്ങൾ പ്രഖ്യാപിച്ചത് മോഹൻലാലിനെ നായകനാക്കി ഒടിയൻ സംവിധാനം ചെയ്ത വി.എ ശ്രീകുമാറും മറ്റൊന്ന് സൂപ്പർതാരം ദിലീപും.
'മിഷന്‍ കൊങ്കണ്‍' എന്ന പേരിൽ വി.എ ശ്രീകുമാറായിരുന്നു മാപ്പിള ഖലാസികളുടെ കഥ സിനിമയാക്കുന്നുവെന്ന് ആദ്യം അറിയിച്ചത്. ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിെൻറ ബാനറില്‍ വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നതെന്നും ശ്രീകുമാർ അവകാശപ്പെട്ടു.
എന്നാൽ, തൊട്ടുപിന്നാലെ ദിലീപ് 'ഖലാസി' എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ദിലീപ് തന്നെ നായകനായി ഗോകുലം മൂവിസിെൻറ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്.
മാസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് - ആശിഖ് അബു - മുഹ്സിൻ പരാരി എന്നിവർ വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കാൻ പോകുന്നതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ, അതിന് പിന്നാലെ പി.ടി കുഞ്ഞുമുഹമ്മദ്, അലി അക്ബർ എന്നിവരുടേതടക്കം, അഞ്ചോളം ചിത്രങ്ങളാണ് സമാന വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടത്.
ആശിഖ് അബുവും മുഹ്സിൻ പരാരിയും ചരിത്രം വളച്ചൊടിക്കുമെന്നും യഥാർഥ ചരിത്രം പറയുന്ന ചിത്രം പുറത്തിറക്കാൻ സംഭാവന ചെയ്യണമെന്നും കാട്ടി സംവിധായകൻ അലി അക്ബർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. തനിക്ക് ഇതുവരെ 76 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഭാവനയായി ലഭിച്ചെന്ന് കഴിഞ്ഞ മാസം അലി അക്ബർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
വി.എ ശ്രീകുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റ്
പ്രസ് റിലീസ്
03.09.2020
മാപ്പിള ഖലാസികളുടെ 'മിഷന്‍ കൊങ്കണ്‍': ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഹിന്ദിയില്‍; ടി.ഡി രാമകൃഷ്ണന്റെ രചന
മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിെൻറ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗണ്‍സ് ചെയ്യും.
മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിെൻറ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിെൻറ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും.
എന്ന്,
വി.എ ശ്രീകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.