കാലത്തിനു മുമ്പേ നടന്ന സിനിമകൾ
text_fieldsയാഥാര്‍ഥ്യബോധവും അന്വേഷണാത്മകതയുമാണ് കെ.ജി. ജോര്‍ജിന്റെ സിനിമകളുടെ കാതല്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ എക്കാലത്തും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. ഉണ്മക്കും വിഹ്വലതക്കുമിടയില് ആടിക്കളിക്കുന്ന ഒരു മനസ്സിന്റെ വിഭ്രാമകലോകത്തിലാണ് അദ്ദേഹം ആദ്യസിനിമയായ ‘സ്വപ്നാടന’ത്തെ പ്രതിഷ്ഠിച്ചതെങ്കിലും ആത്യന്തികമായി ആ സിനിമ വലിയ ജീവിതയാഥാര്ഥ്യങ്ങളിലേക്കാണ് പ്രേക്ഷകനെ ഉണര്‍ത്തുന്നത്.
‘സ്വപ്നാടന’ത്തിലെ കേന്ദ്രകഥാപാത്രമായ ഡോ. ഗോപിനാഥന് ശ്വാസംമുട്ടിക്കുന്ന ഒരു ദാമ്പത്യബന്ധത്തില്‍നിന്ന് ഓടിയൊളിക്കുന്നു. അസന്തുഷ്ടമായ ദാമ്പത്യത്തിനും സഫലീകരിക്കപ്പെടാതെ പോയ പ്രണയത്തിനുമിടയില്പെട്ട് അയാളൊരു മാനസികരോഗിയാകുന്നു.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത പെണ്‍പക്ഷ സിനിമയെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ‘ആദാമിന്റെ വാരിയെല്ലി’ല്‍ വ്യത്യസ്ത സാമൂഹികതലങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ജോര്‍ജ് അപഗ്രഥിക്കുന്നത്. ധനസമ്പാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭര്‍ത്താവില്‍നിന്ന് സ്നേഹമോ പരിഗണനയോ ലഭിക്കാതെ സ്വയം നീറിയൊടുങ്ങുന്ന ആലീസ്, അവരുടെതന്നെ കുടുംബത്തിലെ വേലക്കാരിയായ അമ്മിണി, സര്ക്കാറുദ്യോഗസ്ഥയായ വാസന്തി.
സ്വന്തം കാര്യസാധ്യത്തിനായി ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാന്പോലും മടിയില്ലാത്ത മാമച്ചന് മുതലാളിയാണ് ആലീസിന്റെ ഭര്‍ത്താവ്. ഉറക്കെ പ്രതിഷേധിക്കാന്‍പോലും അവകാശമോ ധൈര്യമോ ഇല്ലാത്ത വേലക്കാരി അമ്മിണിയെ അയാള്‍ ലൈംഗികചൂഷണത്തിന് നിരന്തരം വിധേയയാക്കുന്നു. അയാളില്‍നിന്ന് ഗര്‍ഭം ധരിക്കുന്ന അമ്മിണിയെ ഒരു വളര്‍ത്തുനായെ ഉപേക്ഷിക്കുന്നതുപോലെ എവിടെയോ കൊണ്ടുതള്ളുന്നു. പിന്നീടവള്‍ ഒരു റെസ്ക്യൂ ഹോമില്‍ അന്തേവാസിയാകുന്നു.
തികഞ്ഞ മദ്യപനും അലസനുമായ ഭര്‍ത്താവും അയാളുടെ നിഷ്ഠുരയായ അമ്മയുമാണ് വാസന്തിയുടെ ജീവിതം ദുരന്തമയമാക്കുന്നത്. ദുരിതജീവിതത്തിന്റെ അനിവാര്യമായ പരിണതിയെന്നോണം വാസന്തിക്ക് മാനസികവിഭ്രാന്തിയുണ്ടാകുന്നു. ആലീസ് തന്നെ ചൂഴ്ന്നുനില്ക്കുന്ന വിഷാദാത്മകതയില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാന്‍ ആത്മഹത്യയിൽ അഭയംപ്രാപിക്കുന്നു.
ഇടത്തരക്കാരിയായ വാസന്തിയുടെയും സമ്പന്നയായ ആലീസിന്റെയും ജീവിതം വളരെ ‘ട്രാജിക്കാ’യി അവതരിപ്പിക്കുമ്പോഴും ദലിതയായ അമ്മിണിയെ ശുഭാപ്തി ബോധത്തിന്റെ വെളിച്ചത്തിലാണ് ജോര്‍ജ് ചിത്രാന്ത്യത്തില്‍ അവതരിപ്പിക്കുന്നത്. െറസ്ക്യൂ ഹോമിലെ അന്തേവാസികളെ ഒരുമിച്ചുകൂട്ടി, സംവിധായകനെയും ഛായാഗ്രാഹകനെയും കാമറയെത്തന്നെയും മറികടന്ന് അമ്മിണി തിരശ്ശീലക്ക് പുറത്തേക്ക് ഓടിപ്പോകുന്നു.
മലയാള സിനിമ അതുവരെ അനുഭവിച്ചിട്ടില്ലാത്ത നവീനമായ ഭാവുകത്വമാണ് ജോര്‍ജിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ‘യവനിക’ പകര്‍ന്നുതരുന്നത്. സാമാന്യമായ അർഥത്തില്‍ ഒരു കുറ്റാന്വേഷണ ചിത്രമാണെന്ന് പറയാമെങ്കിലും ‘യവനിക’ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വലിയൊരു പഠനമാണ്.
സിനിമയുടെ സാങ്കേതികതയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സിനിമയെന്ന നിലയില്‍ അത് എല്ലാ തലമുറയിലുംപെട്ട സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും സിനിമവിദ്യാര്ഥികള്ക്കും ഗവേഷകര്‍ക്കുമുള്ള പാഠപുസ്തകംകൂടിയാണ്. സിനിമ, നാടകം എന്നീ മാധ്യമങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യപഠനമായും ‘യവനിക’ വിലയിരുത്തപ്പെടുന്നു.
‘ലേഖയുടെ മരണം; ഒരു ഫ്ലാഷ്ബാക്ക്’ ചിത്രം കച്ചവടസിനിമയുടെ പിന്നാമ്പുറങ്ങള്‍ തേടിയുള്ള അന്വേഷണമാണ്.സിനിമവ്യവസായവുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കപടനാടകങ്ങളുടെ ഉള്ളുകള്ളികള്‍ ലേഖ എന്ന നടിയുടെ മരണത്തിന്റെ ഫ്ലാഷ്ബാക്കിലൂടെ ജോര്‍ജ് വലിച്ചുകീറി.
വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ അതിസാധാരണമായ ഒരു ചെറുകഥയില്‍നിന്ന് (പാലം അപകടത്തില്‍) കെ.ജി. ജോര്‍ജ് മലയാളസിനിമയിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയറായ ‘പഞ്ചവടിപ്പാലം’ മെനഞ്ഞെടുത്തു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ ആ സിനിമയെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്.
ആക്ഷേപഹാസ്യ സിനിമ എന്നതിലുപരി അതില്‍ ഉള്‍ച്ചേര്‍ന്ന വലിയ രാഷ്ട്രീയയാഥാര്ഥ്യങ്ങളുണ്ട്. ഭരണാധികാരികളുടെയും പ്രതിപക്ഷത്തിന്റെയും ഒത്തുകളിയുടെ ഭാഗമായി ഐരാവതക്കുഴി പഞ്ചായത്തിലെ പുതിയ പാലം പൊളിഞ്ഞുവീഴുന്നു. നാട്ടിലെ എല്ലാ രാഷ്ട്രീയ പൊറാട്ടുനാടകങ്ങള്ക്കും മൂകസാക്ഷിയായ കാത്തവരായന് എന്ന വികലാംഗന് മാത്രമാണ് ആ അപകടത്തില്‍ മരിക്കുന്നത്.
പി.ജെ. ആന്റണി എഴുതിയ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ നോവലില്‍നിന്നാണ് ‘കോലങ്ങള്‍’ സിനിമയുണ്ടാകുന്നത്. നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം എന്ന പൊതുധാരണ തിരുത്തി കുന്നായ്മകളും അസൂയയും പകപോക്കലുകളും ക്രൂരതയും ചതിയുമെല്ലാമുള്ള ഒരു ഗ്രാമത്തിന്റെ യഥാർഥചിത്രം വരച്ചിടുകയാണ് സംവിധായകന്.
‘ഇരകള്‍’ സിനിമ വയലന്‍സിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അതിഗഹനമായ ഒരു പഠനമാണ്. ‘മറ്റൊരാള്‍’ സിനിമയിലെ സുശീല എന്ന കുടുംബിനി പുറമേക്ക് സമാധാനപൂര്‍ണമെന്ന് തോന്നിപ്പിക്കുന്ന ഒരുദാമ്പത്യത്തിന്റെ തടവറയില്‍നിന്ന് ഒരുദിവസം ഇറങ്ങിപ്പോകുന്നു. അതും മലയാള സിനിമ ഒരിക്കലും ദര്‍ശിക്കാത്തത്ര തീക്ഷ്ണമായ ഒരു വയലന്‍സിന്റെ ആവിഷ്കാരമാണ്. പല സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു പ്രവൃത്തി.
കാലത്തിന് മുമ്പേ നടന്നവയായിരുന്നു ജോര്‍ജിന്റെ പല സിനിമകളും. പുതിയ കാലം ജോര്‍ജിലേക്ക് തിരിച്ചുപൊയ്ക്കൊണ്ടിരിക്കുകയാണ്. അത് ഒരു തിരിച്ചുപോക്കായി തോന്നുന്നില്ല. ആ സിനിമകള്‍ തിയറ്ററുകളില്‍ വന്ന കാലത്ത് ധിഷണാശാലിയായ ഈ സംവിധായകനൊപ്പം നടക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല, നമ്മുടെ യാഥാസ്ഥിതിക സമൂഹം. വളരെക്കുറച്ചുപേര്‍ മാത്രം അക്കാലത്ത് ആസ്വദിച്ച ആ സിനിമകള്‍ വീണ്ടും പഠനവിധേയമാക്കാന്‍ പുതിയ തലമുറ ശ്രമിക്കുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.
കെ.ജി. ജോര്‍ജ് എന്ന ചലച്ചിത്രകാരന്റെ വിയോഗം വ്യക്തിപരമായി എനിക്കും സങ്കടമുണ്ടാക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സുദൃഢബന്ധമായിരുന്നു അത്. കുറച്ചുവര്‍ഷങ്ങളായി സിനിമയില്‍നിന്ന് മാത്രമല്ല, ജീവിതത്തില്‍നിന്നുതന്നെ ഉള്‍വലിഞ്ഞുപോയ ജോര്‍ജ് സാര്‍ തന്റെ ദുരിതപര്‍വം അധികം ദീര്‍ഘിപ്പിക്കാതെ വിട പറഞ്ഞു. എക്കാലത്തും നമുക്കോര്ക്കാനും പഠിക്കാനുമുതകുന്ന അതിവിശിഷ്ടമായ ചലച്ചിത്രസൃഷ്ടികള്‍ ബാക്കിവെച്ച്.
(ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിരൂപകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.