ആമിർ ഖാന് ഇതാദ്യമായിട്ടല്ല; ദീപിക പദുകോണിനും ഷാരൂഖ് ഖാനും ഇതേ അവസ്ഥ വന്നിട്ടുണ്ട് -റിലീസിന് മുൻപ് വിവാദം സൃഷ്ടിച്ച ചിത്രങ്ങൾ
text_fieldsസിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രമാണ് ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. കരീന കപൂർ നായികയായി എത്തുന്ന ചിത്രം ആഗസ്റ്റ് 11 ആണ് റിലീസിനെത്തുന്നത്. ടോം ഹങ്ക്സിന്റെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റ ഹിന്ദി റീമേക്കാണിത്. റിലീസിന് തയാറെടുക്കുമ്പോഴാണ് സിനിമയെ തേടി വിവാദങ്ങൾ എത്തുന്നത്. ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയാണ് ഒരു കൂട്ടർ.
ആമിർ ഖാൻ ചിത്രത്തെ തേടി ഇതാദ്യമായിട്ടില്ല വിവാദങ്ങൾ എത്തുന്നത്. 2016 ൽ ദംഗൽ പുറത്ത് ഇറങ്ങിയപ്പോഴും പികെക്കും ഇതുപോലെ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. എന്നാൽ ചിത്രങ്ങൾ രണ്ടും സൂപ്പർ ഹിറ്റായിരുന്നു.
ഇതിന് മുൻപും പല പ്രമുഖ താരങ്ങളുടേയും ഹിറ്റ് ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ ഏറെ രസകരം അധികവും അനാവശ്യ കാര്യങ്ങൾക്കാണ് എന്നതാണ്.
മൈ നെയിം ഈസ് ഖാൻ
2010 ൽ ഷാരൂഖ് ഖാൻ- കജോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ ഒരുക്കിയ ചിത്രമാണ് മൈ നെയിം ഈസ് ഖാൻ. അന്ന് ഈ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയതിൽ ഷാരൂഖ് നിരാശ പ്രകടിപ്പിച്ചതാണ് കാരണം. പിന്നീട് തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിൽ വിഷമമുണ്ടെന്ന് നടൻ ഖേദം പ്രകടിപ്പിച്ചിരുന്നു.
പികെ
ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പികെയ്ക്കെതിരേയും വിമർശനങ്ങൾ ഉയർന്നിരുന്നു. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിൽ പോസ്റ്ററായിരുന്നു ആദ്യം വിവാദത്തിൽപ്പെട്ടത്. പിന്നീട് ചിത്രത്തില്‍ ഹിന്ദു ദൈവമായ ശിവനെ പരിഹസിക്കുന്ന രീതിയുളള ദൃശ്യങ്ങളുണ്ടെന്നുളള ആരോപണവും വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് 2013 ഒക്ടോബറില്‍ ചിത്രത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ദംഗൽ
2016 ൽ പുറത്ത് ഇറങ്ങിയ ദംഗലിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ തലപൊക്കിയിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നുളള ആമിർ ഖാന്റെ പരാമര്‍ശമാണ് ചിത്രത്തിന് തലവേദനയായത്. അന്ന് BoycottDangal സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു .
പദ്മാവത്
ദീപിക പദുകോൺ ചിത്രമായ പദ്മാവതിന് നേരേയും വിവാദങ്ങൾ ഉയർന്നിരുന്നു. രജപുത്ര റാണി പദ്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് ഇതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിത്രത്തിലെ നിരവധി രംഗങ്ങൾ മാറ്റം വരുത്തിയതിന് ശേഷമാണ് പ്രദർശിപ്പിച്ചത്. പദ്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അത് മാറ്റി പദ്മാവത് എന്നാക്കി.
ഛപാക്
ഛപാക് റിലീസിനായി തയാറെടുത്ത സമയത്തായിരുന്നു ദീപിക ജെ.എ.ന്‍യുവിൽ നടന്ന ആക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാമ്പസിലെത്തിയത്. ഇത് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.