കശ്മീർ ഫയൽസ് അശ്ലീല ചിത്രമെന്നത് നദവിന്റെ അഭിപ്രായം, ജൂറി ബോർഡ് ഒന്നും പറയുന്നില്ല -സുദീപ്തോ സെൻ
text_fieldsന്യൂഡൽഹി: വിവാദ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസ്' അശ്ലീലവും പ്രോപഗണ്ടയുമാണെന്ന ഐഎഫ്‌എഫ്‌ഐ ജൂറി ചെയർമാൻ നദവ് ലാപിഡിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് ജൂറി അംഗം സുദീപ്തോ സെൻ. ഒരു ജൂറി അംഗമെന്ന നിലയിൽ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസ്' സിനിമ അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഗോവയിൽ നടന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ജൂറി തലവൻ നദവ് ലാപിഡ് തുറന്നടിച്ചത്.
പ്രസ്താവന വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ സുദീപ്തോ സെൻ ട്വിറ്ററിലൂടെയാണ് തെന്റ നിലപാട് വ്യക്തമാക്കിയത്. 'ഐ.എഫ്.എഫ്.ഐ 2022 ജൂറി ചെയർമാൻ നദവ് ലാപിഡ്, ദി കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് മേളയുടെ സമാപന വേദിയിൽ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ജൂറി ബോർഡിന്റെ ഔദ്യോഗിക അഭിപ്രായം ഫെസ്റ്റിവൽ ഡയറക്ടർക്ക് മുമ്പാകെയും ഔദ്യോഗിക വാർത്താ സമ്മേളനത്തിലും ഞങ്ങൾ വ്യക്തമാക്കിയതാണ്. അഞ്ച് ജൂറിമാരിൽ ഒരാൾ വ്യക്തിപരമായ കാര്യത്തിന് പോയതിനാൽ ബാക്കി 4 ജൂറിമാരും ഇതിൽ സന്നിഹിതരായിരുന്നു. ഇവിടെ ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. ഞങ്ങളുടെ ഔദ്യോഗിക അഭിപ്രായം ഒറ്റക്കെട്ടായാണ് രേഖപ്പെടുത്തിയത്. ജൂറി എന്ന നിലയിൽ, ഒരു സിനിമയുടെ സാങ്കേതികയും സൗന്ദര്യാത്മക നിലവാരവും സാമൂഹിക-സാംസ്കാരിക പ്രസക്തിയും വിലയിരുത്താനാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടത്. ഒരു സിനിമയെ കുറിച്ചും ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങൾ പറയില്ല. അത് പറയുന്നുവെങ്കിൽ പൂർണ്ണമായും വ്യക്തിപരമായ അഭിപ്രായമാണ്. ബഹുമാനപ്പെട്ട ജൂറി ബോർഡുമായി ഒരു ബന്ധവുമില്ല." -സുദീപ്തോ സെൻ വ്യക്തമാക്കി.
ഇസ്രായേലി സംവിധായകനും നിർമാതാവുമായ നദവ് ലാപിഡ് ചെയർമാനായ ജൂറി ബോർഡിൽ ഹാവിയർ അംഗുലോ ബാർട്ടൂറൻ (ഫ്രഞ്ച് സംവിധായകൻ), സുദീപ്തോ സെൻ (ഇന്ത്യൻ സംവിധായകൻ), പാസ്കൽ ചാവൻസ് (ഫ്രഞ്ച് ഫിലിം എഡിറ്റർ), ജിങ്കോ ഗോട്ടോ (യുഎസ് ആനിമേഷൻ ഫിലിം പ്രൊഡ്യൂസർ) എന്നിവരായിരുന്നു അംഗങ്ങൾ.
ലാപിഡിന്റെത് വിവേകശൂന്യവും ധാർഷ്ട്യവുമായ നിലപാടാണ് എന്നായിരുന്നു ഇന്ത്യയിലെ ഇസ്രായേലി അംബാസഡറായ നവോർ ഗിലോൺ അഭിപ്രായപ്പെട്ടത്. ലാപിഡിന് ഒരു തുറന്ന കത്ത് എന്ന മുഖവുരയോടെ 12 ട്വീറ്റുകളിലായാണ് അംബാസഡർ നിലപാട് വ്യക്തമാക്കിയത്. ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാതെ സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്നും സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു.
'നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഞങ്ങൾ ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ടവരാണ്. നിങ്ങൾ കാണിച്ച "ധീരത"യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾ കാണണം. അത് എന്റെ കീഴിലുള്ള ടീമിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിങ്ങൾ അറിയണം' - നവോർ ഗിലോൺ, നദവ് ലാപിഡിനോട് പറഞ്ഞു. ദ കശ്മീർ ഫയൽസിൽ കാണിച്ച സംഭവങ്ങൾ ഇന്ത്യയിലെ 'ഉണങ്ങാത്ത മുറിവ്' ആണെന്നും അതിന്റെ ഇരകളിൽ പലരും ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.