ദേശീയ പുരസ്കാര ജേതാവായ നടി സുരേഖ സിക്രി അന്തരിച്ചു
text_fieldsമുംബൈ: ദേശീയ അവാർഡ് േജതാവായ നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യമെന്ന് മാനേജർ അറിയിച്ചു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു സുരേഖക്ക് 2020ൽ മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു.
1978ൽ കിസ്സ കുർസി ഹേ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സുരേഖ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്. തമാസ് (1988), മമ്മോ (1995), ബദായി ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കാണ് ദേശീയ അംഗീകാരം തേടിയെത്തിയത്.
'ബാലിക വധു' എന്ന സീരിയയിലെ കല്യാണി ദേവിയായി നിറഞ്ഞാടി കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി. 2008 മുതൽ 2016 വരെ സീരിയലിൽ അഭിനയിച്ചു.
അടുത്തിടെ ആയുഷ്മാൻ ഖുറാനയുടെ 'ബദായി ഹോ'യിൽ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിലൂടെ നേടിയ ദേശീയ പുരസ്കാരം സ്വീകരിക്കാൻ അവർ വീൽചെയറിലായിരുന്നു വന്നത്. സംവിധായിക സോയ അക്തറിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജിയായ 'ഗോസ്റ്റ് സ്റ്റോറീസ്' ആണ് അവസാനം അഭിനയിച്ച ചിത്രം.
ഉത്തർപ്രദേശിൽ ജനിച്ച സുരേഖ 1971ൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 1989ൽ സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്. പിതാവ് വ്യോമസേന ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമായിരുന്നു. ഹേമന്ത് റെഗെയാണ് ഭർത്താവ്. ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.