ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാളത്തിന്റെ പ്രതീക്ഷയായി ജോജുവും ബിജു മേനോനും
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിക്കുക. 2021ൽ റിലീസ് ചെയ്ത സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നത്. പുരസ്കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ, ഹോം, ആവാസ വ്യൂഹം, ചവിട്ട് തുടങ്ങിയ മലയാള ചിത്രങ്ങൾ ഉൾപ്പെട്ടതായാണ് വിവരം.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാധവനും വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സര രംഗത്തുണ്ട്. നായാട്ടിലെ അഭിനയത്തിന് ജോജു ജോർജും ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗത്തും തമ്മിലാണ് മികച്ച നടിക്കായുള്ള പ്രധാന മത്സരമെന്നാണ് വിവരങ്ങൾ. ആർ.ആർ.ആർ എന്ന രാജമൗലി ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരത്തിന് സാധ്യതയേറെയാണ്.
കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ എട്ട് അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം തമിഴ് ചിത്രം സുററൈ പോട്രിലൂടെ അപർണ ബാലമുരളി നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം ബിജു മേനോനും കരസ്ഥമാക്കി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു മികച്ച സംവിധായകനുള്ള അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.