ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്
text_fieldsതൃപ്പൂണിത്തുറ: 21 വർഷമായി അമേച്വർ നാടക രംഗത്ത് സജീവമായിട്ടുള്ള സിജിൻ സിജീഷും സുഹൃത്തുക്കളും തങ്ങളുടെ കൂട്ടായ്മയുടെ പ്രഥമ സിനിമാ സംരംഭം ദേശീയ അവാർഡിലെത്തിയതിന്റെ സന്തോഷത്തിലാണ്. ലോക് ധർമ്മി നാടക ഗ്രൂപ്പിലൂടെ അഭിനയ കലകൾ സ്വയത്തമാക്കിയ സിജിൻ ദേശീയ അവാർഡ് ലഭിച്ച ആട്ടം സിനിമയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 40 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുഴുവൻ ലോക് ധർമ്മി അവതരിപ്പിച്ച കർണ്ണഭാരം നാടകത്തിലും പ്രധാന വേഷം അവതരിപ്പിച്ച സിജിൻ സിജീഷ്, മുകേഷും മോഹൻലാലും സഹകരിച്ച ഛായാമുഖി നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. നാടക സംഘാംഗങ്ങൾ വർഷം തോറും നടത്താറുള്ള ടൂറിനിടയിൽ വന്നു ചേർന്ന ആശയമായിരുന്നു ഒരു സിനിമ ചെയ്യണമെന്നുള്ളത്. തുടർന്ന് നടത്തിയ ചർച്ചകൾ നാടക സംഘാംഗങ്ങളായ സുഹൃത്തുക്കളുടെ ഒരു ദിവസത്തെ കഥ സമ്പൂർണമായി പറയുന്ന ആട്ടം സിനിമയിലേയ്ക്കെത്തുകയായിരുന്നു. നാടക ഗ്രൂപ്പിന്റെ ഭാഗമായിരുന്ന നടൻ വിനയ് ഫോർട്ട് മുൻകൈയെടുത്ത് ഡോ.അജിത് ജോയി എന്ന നിർമാതാവിന്റെ കണ്ടെത്തി ആനന്ദ് ഏകർഷി ഡയറക്ടറായി സിനിമ തുടങ്ങുകയായിരുന്നു.
2022 ൽ കോലഞ്ചേരി, നായരമ്പലം, ആലുവ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്. ആദ്യം ഷോർട്ട് ഫിലിമായി തീരുമാനിച്ച സിനിമ പുരോഗമിച്ചതോടെ ഫീച്ചർ ഫിലിമായി മാറുകയായിരുന്നു. രണ്ട് കാമറ വെച്ച് ലൈവ് റെക്കോഡിംങ്ങോടെ ചിത്രീകരിച്ച സിനിമയ്ക്ക് വേണ്ടി 30 ദിവസത്തെ റിഹേഴ്സൽ വേണ്ടി വന്നിരുന്നു. അവാർഡ് ലഭിച്ച സന്തോഷത്തിൽ സംഘാംഗങ്ങൾ പാലാരിവട്ടം ആലിൻ ചുവട്ടിലെ സ്റ്റുഡിയോയിൽ ഒത്തുചേർന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ഇരുമ്പനം ചാത്തൻവേലിൽ കുടുംബാംഗമായ സിജിൻ സിജീഷ് തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്റിനടുത്ത് ഇലക്ട്രിക്ക് റിപ്പയറിംഗ്, വൈന്റിംഗ് സ്ഥാപനവും നടത്തുന്നുണ്ട്. സിജിന്റെ കലാ പ്രവർത്തനത്തിന് പൂർണ പിന്തുണയുമായി ഭാര്യ സൂര്യയും മക്കളായ അഭിനവും ആരവും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.