സെലിബ്രിറ്റികൾ വന്ന വഴി മറന്ന് കലോത്സവത്തിന് വൻ പ്രതിഫലം വാങ്ങരുതെന്ന് മന്ത്രി; മറുപടിയുമായി നവ്യ നായർ
text_fieldsതിരുവനന്തപുരം: താരങ്ങൾ യുവജനോത്സവത്തിന് വൻ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശനത്തിന് മറുപടിയുമായി നടി നവ്യ നായര്‍. താൻ ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും വന്ന വഴി മറക്കില്ലെന്നും കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ നവ്യ പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും സർവകലാശാല കലോത്സവ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിക്ക് ശേഷം സംസാരിക്കാൻ വേദിയിലെത്തവെയാണ് നവ്യ മറുപടി നൽകിയത്. 'ഞാൻ വന്ന വഴി മറക്കില്ല. കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ല. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണ്. നല്ല മനുഷ്യരായി ജീവിക്കണം'- നവ്യ വിദ്യാർഥികളോടായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.