'റിയക്കെതിരായ കുറ്റപത്രം നനഞ്ഞ പടക്കം'; അവസാനത്തെ ചിരി ഞങ്ങളുടേതാകുമെന്ന് അഭിഭാഷകൻ
text_fieldsമുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയ ചക്രവർത്തിക്കെതിരായ എൻസിബിയുടെ 12,000 പേജുള്ള കുറ്റപത്രത്തെ നനഞ്ഞ പടക്കമെന്ന് വിശേഷിപ്പിച്ച് അഭിഭാഷകൻ സതീഷ് മനേഷിന്ദെ. കേസിൽ അവസാനത്തെ ചിരി ഞങ്ങളുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
'എൻസിബിയുടെ എല്ലാ പരിശ്രമങ്ങളും റിയാ ചക്രവർത്തിയെ എങ്ങനെയെങ്കിലും കുറ്റവാളിയാക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രതികളെന്നാരോപിക്കപ്പെടുന്ന 33 പേരിൽ നിന്ന് "ലഹരി മരുന്ന് കണ്ടെടുത്തു" എന്നാണ് അവർ പറയുന്നത്. എന്നാൽ, അത് മുംബൈ പൊലീസിലെയോ നാർക്കോട്ടിക് സെല്ലിലെയോ എയർപോർട്ട് കസ്റ്റംസിലെയോ അല്ലെങ്കിൽ, മറ്റേത് ഏജൻസികളിലെയും കേവലമൊരു കോൺസ്റ്റബിൾ 'റെയ്ഡ് നടത്തിയോ കെണിയിൽ പെടുത്തിയോ' ''കണ്ടെടുക്കുന്നത്'' പോലല്ലാതെ മറ്റൊന്നല്ലെന്നും റിയയുടെ അഭിഭാഷകൻ തുറന്നടിച്ചു.
"എൻസിബി മുഴുവനായും ബോളിവുഡിലെ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്... അന്വേഷണത്തിനിടെ അവർ മൊഴിയെടുത്ത ഏതെങ്കിലും താരങ്ങൾക്കെതിരെ അവർക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇതൊക്കെ എന്തിന് വേണ്ടിയാണെന്നാണ് ഞാൻ ചിന്തിക്കുന്നത്? ഒന്നുകിൽ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു അല്ലെങ്കിൽ ദൈവത്തിന് മാത്രമേ സത്യം അറിയൂ, -അദ്ദേഹം പറഞ്ഞു. 'ഫിനാൻസിങ് ഡ്രഗ്സ് ട്രേഡു'മായി ബന്ധപ്പെട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ ഘട്ടത്തിൽ തന്‍റെ കക്ഷിക്കെതിരെ പ്രഥമദൃഷ്ട്യാ ഹൈക്കോടതിക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അവസാനത്തെ ചിരി നമ്മുടേതായിരിക്കുമെന്നും കുറ്റപത്രവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അഭിഭാഷകൻ സതീഷ് മനേഷിന്ദെ കൂട്ടിച്ചേർത്തു.
ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 12000 പേജുകളുള്ള കുറ്റപത്രം അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എൻഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.