മയക്കുമരുന്ന് കേസ്: 2019 ജൂലൈയിൽ നടത്തിയ പാർട്ടിയുടെ വിഡിയോ കൈമാറണം- കരൺ ജോഹറിന് എൻ.സി.ബി നോട്ടീസ്
text_fieldsമുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച കേസന്വേഷണത്തിൻെറ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നോട്ടീസ്. 2019 ജൂലൈയിൽ ബോളിവുഡ് താരങ്ങൾക്കായി കരൺ ജോഹർ നടത്തിയ പാർട്ടിയുടെ വിഡിയോ ഹാജരാക്കണമെന്നും എൻ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ചിത്രീകരിക്കാനുപയോഗിച്ച കാമറയും മൊബൈലും ഹാജരാക്കണം.
ഡിസംബർ 18നകം നോട്ടീസിനോട് പ്രതികരിക്കണമെന്നും എൻ.സി.ബി നിർദേശിച്ചിട്ടുണ്ട്. നേരിട്ട് ഹാജരാകാൻ ആയില്ലെങ്കിൽ കരൺ ജോഹർ പ്രതിനിധിയെ ചുമതലപ്പെടുത്തിയാലും മതിയാകും. കരൺ ജോഹർ ജൂലൈയിൽ നടത്തിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കുഷാൽ, ഷാഹിദ് കപൂർ, അർജുൻ കപൂർ, വരുൺ ധവാൻ, മലൈക അറോറ, സോയ അക്തർ, അയാൻ മുഖർജി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് എൻ.സി.ബി ഇതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത്. സുശാന്ത് സിങ് രാജ്പുത്തിൻെറ മരണത്തെ തുടർന്നാണ് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം ഉൗർജിതമായത്.
അതേസമയം, തൻെറ വസതിയിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണങ്ങൾ കരൺ ജോഹർ നിഷേധിച്ചിരുന്നു. തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയവും ദുരുദ്ദേശപരവുമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.