എല്ലാം പി.ആർ സ്റ്റണ്ടായിരുന്നോ? -സംശയവുമായി നെറ്റിസൺസ്; അല്ലുവിന്‍റെ അറസ്റ്റിനുശേഷം കുതിപ്പുമായി ‘പുഷ്പ 2’
text_fieldsഹൈദരാബാദ്: അല്ലു അർജുൻ തിയറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലുണ്ടായ അറസ്റ്റിനും ജയിലിനും ജാമ്യത്തിനുമെല്ലാം ശേഷം ‘പുഷ്പ 2’ന്‍റെ കളക്ഷനിൽ വൻകുതിപ്പുണ്ടായത് ഇതെല്ലാം പി.ആർ സ്റ്റണ്ടായിരുന്നോ എന്ന സംശയമുയർത്തിയിരിക്കുകയാണ്. നെറ്റിസൺസ് ഈ സമശയമുയർത്തി നിരവധി കുറിപ്പുകൾ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച് തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ‘പുഷ്പ 2: ദ റൂൾ’ പ്രീമിയർ ഷോക്ക് എത്തിയ അല്ലുവിനെ കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോഴുണ്ടായ സംഘർഷത്തിനിടെ തിരക്കിൽപെട്ട് വീണ് ഭർത്താവിനും മക്കൾക്കുമൊപ്പം തിയറ്ററിലെത്തിയ ഭർദിൽഷുക്നഗർ സ്വദേശിനി രേവതി (35) എന്ന യുവതി മരിക്കുകയായിരുന്നു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചെങ്കിലും ഭർത്താവ് പൊലീസിൽ പിറ്റേന്ന് തന്നെ പരാതി നൽകി. തുടർന്നായിരുന്നു നടന്‍റെ അറസ്റ്റ്.
പൊലീസെത്തിയപ്പോൾ നടൻെറ വീട്ടിൽ വൈകാരിക രംഗങ്ങൾ അരങ്ങേറുകയും ഇതിന്‍റെ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. രാവിലെ കാപ്പി കുടിച്ചുകൊണ്ടിരുന്ന നടനെ പൊലീസ് കൊണ്ടുപോകുന്നതിന്‍റെയും ഭാര്യയെ ചുംബിച്ച് യാത്രപറയുന്നതിന്‍റെയുമെല്ലാം ദൃശ്യം വൈറലായി. പൊലീസ് സ്റ്റേഷൻ പരിസരത്തും വൈദ്യപരിശോധനക്കെത്തിച്ച ആശുപത്രിയിലുമെല്ലാം ആരാധകരെത്തി. ഹൈദരാബാദ് നഗരം കനത്ത സുരക്ഷയിലായി. നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസം റിമാൻഡ് ചെയ്ത് ജയിലിലാക്കി. എന്നാൽ, മണിക്കൂറുകൾക്കകം തെലങ്കാന ഹൈകോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ചു. എങ്കിലും ഒരു രാത്രി നടന് ജയിയിൽ കഴിയേണ്ടി വന്നു. ജാമ്യ ഉത്തരവ് ലഭിച്ച് പിറ്റേന്ന് പുലർച്ചെയാണ് നടൻ പുറത്തിറങ്ങിയത്. തിരികെ വീട്ടിലെത്തി മക്കളേയും ഭാര്യയേയും ആശ്ലേഷിക്കുന്ന ദൃശ്യവും വൈറലായിരുന്നു.
ഈ സംഭവവികാസങ്ങൾ ‘പുഷ്പ 2’വിന് ഗുണം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 900.5 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. 1300 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയായി ഇതോടെ ‘പുഷ്പ 2’. ഇതോടെയാണ ചില സംശയങ്ങൾ ഉന്നയിച്ച് നെറ്റിസൺസ് രംഗത്തെത്തുന്നത്. നടന്‍റെ അറസ്റ്റ് ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തുകയാണ്.
അല്ലു അർജുന്‍റെ അറസ്റ്റിനുശേഷം പുഷ്പ 2 കലക്ഷൻ വർധിച്ചെന്ന് മാധ്യമ റിപ്പോർട്ടിന് താഴെ, ഇത്തരത്തിലെ കമന്‍റുകൾ നിറയുകയാണ്. “അറസ്‌റ്റ് എന്നത് ഹൈപ്പിനും കളക്ഷനുമുള്ള തന്ത്രമാണ്”, “അറസ്റ്റ് ചെയ്യുമ്പോഴുണ്ടായിരുന്ന ചിരി കണ്ടപ്പോൾ തന്നെ കരുതിയതാണ് ഇത് ഒരു പി.ആർ സ്റ്റണ്ട് ആണെന്ന്”, “മിഷൻ ജയിൽ സക്സസ്...” എന്നെല്ലാം ആളുകൾ കമന്‍റിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.