മറക്കില്ല മലയാളം, ആ അമ്മയെ; കോഴിക്കോട് ശാരദക്ക് വിട
text_fieldsകോഴിക്കോട്: സല്ലാപം സിനിമ കണ്ടവരാരും ആ അമ്മയെ മറക്കാൻ സാധ്യതയില്ല. മകനുമായി എപ്പോഴും ശണ്ഠ കൂടുന്ന അമ്മ. മകനെ നിർത്താതെ ചീത്ത വിളിക്കുന്ന അമ്മ. അപ്പോഴും അവനോട് ഒടുങ്ങാത്ത സ്നേഹവും കരുതലും കൂട്ടിവെച്ചു കൊണ്ട് അവനെ ചേർത്തുനിർത്തുന്ന അമ്മ. സല്ലാപത്തിൽ മനോജ് കെ. ജയന്‍റെ അമ്മയായി അഭിനയിച്ചത് കോഴിക്കോട് ശാരദയായിരുന്നു. മഞ്ജു വാര്യരുമൊത്തുള്ള സിനിമയില സീനുകൾ ഇന്നും മലയാളിയുടെ ഓർമകളിലുണ്ട്.
സിനിമ കണ്ട ഓരോരുത്തരുടെയു കണ്ണ് നനയിക്കുന്നതിൽ ആ അഭിനയ പ്രതിഭ വിജയിച്ചു എന്നുതന്നെ പറയാം. സിനിമകൾക്ക് പുറത്ത് നിരവധി സീരിയലുകളിലും അമ്മ വേഷത്തിൽ നിറഞ്ഞാടി. എങ്കിലും സല്ലാപത്തിലെ സ്നേഹം പുറത്തു പ്രകടിപ്പിക്കാതെ എപ്പോഴും മകനോട് വഴക്കടിക്കുന്ന ആ നാടൻ അമ്മയെ എന്നും മലയാളി ഓർക്കും.
മയാളത്തിലെ ആദ്യത്തെ സൂപ്പർ താരം ജയൻ മുതൽ പുതുതലമുറ നടൻമാർക്കൊപ്പം വരെ അവർ അഭിനയിച്ചു. ജയന്‍റെയും ജയാഭാരതിയുടെയും അമ്മയായി അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക്, മധുരരാജ, സദയം,അമ്മക്കിളിക്കൂട്, യുഗ പുരുഷൻ എന്നീ സിനിമകളിൽ ശ്രദ്ധേ വേഷം ചെയ്തു.
80 ലധികം സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നഗരത്തിൽ എത്തുന്നത്.
നാടക സിനിമ നടനായിരുന്ന എ.പി ഉമ്മറാണ് കോഴിക്കോട് ശാരദയുടെ ഭർത്താവ്. ശാരദ-ഉമ്മർ ദമ്പതികൾക്ക് നാല് മക്കളാണ്. വെള്ളിപ്പറമ്പ് ശാരദാസ് എന്ന വീട്ടിലാണ് താമസം. കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു.
ബ്ലാക് ആൻഡ് വൈറ്റ് കാലം മുതൽ മലയാളത്തിന് സുപരിചിതയായ ഒരു അഭിനേത്രിയാണ് വിടവാങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.