'മൾട്ടിവേഴ്സ് മൻമഥൻ'! സൂപ്പർഹീറോയായി നിവിൻ പോളി!; ഇത്തവണ തിരിച്ചുവന്നിരിക്കും
text_fieldsമലയാളത്തിന്‍റെ പ്രിയതാരം നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'മൾട്ടിവേഴ്സ് മൻമഥൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സൂപ്പർഹീറോ സിനിമയായാണ് പുറത്തെത്തുന്നത്.
കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്‍റെ വെള്ളിയാഴ്ച എന്നീ സീരീസുകളും, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്‌ത 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. ഇന്ത്യൻ സിനിമയിലെ ആദ്യമായുള്ള മൾട്ടിവേഴ്സ് സൂപ്പർഹീറോ ചിത്രമാണ് മൾട്ടിവേഴസ് മൻമഥൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മികച്ച പ്രതികരണമാണ് പോസ്റ്ററിന് നിലവിൽ ലഭിക്കുന്നത്. ആരാധകരും സിനിമാ താരങ്ങളും ഒരുപോലെ പോസ്റ്റർ ഏറ്റെടുത്തിട്ടുണ്ട്.
ഒരുകാലത്ത് ഒരുപാട് ഹിറ്റുകളുമായി കേരള ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമായിരുന്നു നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായുള്ള താരത്തിന്‍റെ സിനിമ സെലക്ഷനിൽ ഒരുപാട് പാളിച്ചകൾ സംഭവിച്ചിരുന്നു. നിലവിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് നിവിൻ പോളി. ഇനി വരാനിരിക്കുന്ന പ്രൊജക്ടുകളിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്‍റേതായി പുറത്തുവന്ന ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.