നടിയുടെ മരണത്തിന് പിന്നിൽ ലവ് ജിഹാദല്ല; വെളിപ്പെടുത്തലുമായി പൊലീസ്
text_fieldsമുംബൈ: നടി തുനിഷ ശർമ ആത്മഹത്യ ചെയ്യാൻ കാരണം ലവ് ജിഹാദാണെന്നുള്ള മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി. എം.എൽ.എയുമായ ഗിരീഷ് മഹാജന്റെ ആരോപണം തള്ളി പൊലീസ്. നടിയെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ തകർച്ചയാണെന്ന് എ.സി.പി ചന്ദ്രകാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സഹതാരം ഷീസാൻ ഖാനിന്റേയും തുനിഷയുടേയും ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും ലവ് ജിഹാദോ ബ്ലാക്ക്മെയിലിങ്ങോ മറ്റൊന്നും ഇപ്പോൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു തുനിഷയും ഷീസാനും വേർപിരിഞ്ഞത്. ഇതിന് പിന്നലെയാണ് ജീവനൊടുക്കിയതെന്നും എ.സി.പി കൂട്ടിച്ചേർത്തു.
നടിയുടെ മരണത്തിൽ പ്രതികരിക്കവെയാണ് മന്ത്രി ഗിരീഷ് മഹാജൻ ലവ് ജിഹാദ് ആരോപിച്ചത്. എകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗവൺമന്റെ് ലവ് ജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ലവ് ജിഹാദ് കേസുകൾ വർധിച്ചു വരുകയാണ്. ഇതിനെതിരെ കർശന നിയമം കൊണ്ടു വരാൻ ഞങ്ങൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി എ.എൻ.എയോട് പറഞ്ഞു.
ശനിയാഴ്ചയാണ് 20 കാരിയായ തുനിഷ ശർമയെ സെറ്റിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടിയുടെ മരണത്തിൽ നടൻ ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.