വെസ്റ്റ് ബാങ്ക് അധിനിവേശത്തിലെ ഓസ്കർ ടച്ച്
text_fieldsഗസ്സയുടെ കണ്ണീർപെയ്ത്തിനിടെ പലപ്പോഴും ലോകം അറിയാതെ പോകുന്നതാണ് വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഇസ്രായേൽ തുടരുന്ന കൈയേറ്റങ്ങളും കുരുതികളും. ഓരോ ദിനവും പിടഞ്ഞുവീഴുന്ന മനുഷ്യജീവനുകൾ മാത്രമല്ല, ബുൾഡോസറുകളിറങ്ങി കൈയേറുന്ന ഭൂമിയും ഇവിടെ പതിവു കാഴ്ച.
തെക്കൻ വെസ്റ്റ് ബാങ്കിലെ മസാഫിർ യത്തായിലെ സമാനമായൊരു അധിനിവേശത്തിന്റെ കഥ പങ്കുവെക്കുന്ന ‘No Other Land’ ഇത്തവണ ഓസ്കർ നാമനിർദേശം നേടിയതാണ് പുതിയ വർത്തമാനം. ഫലസ്തീനികൾ താമസിച്ചുവന്ന പ്രദേശം പിടിച്ചെടുത്ത് ഇസ്രായേൽ സൈനിക പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
ഫലസ്തീനി സംവിധായകരായ ബാസിൽ അദ്റ, ഹംദാൻ ബിലാൽ എന്നിവർക്കൊപ്പം നിർമാണത്തിൽ തുല്യ പങ്കാളികളായി ഇസ്രായേലികളായ യുവാൽ അബ്രഹാം, റേച്ചൽ സോർ എന്നിവരുമുണ്ട്. 1922ൽ പൂർണാർഥത്തിൽ ഫലസ്തീൻ ഭരണം ഏറ്റെടുത്ത ശേഷം ബ്രിട്ടൻ ഔദ്യോഗികമായി തുടക്കം നൽകിയതായിരുന്നു അനിയന്ത്രിതമായ ജൂത കുടിയേറ്റം.
ഭരണകൂട മേൽനോട്ടത്തിൽ, സൈന്യത്തിന്റെ അകമ്പടിയിൽ അതിപ്പോഴും തുടരുന്നു. ഇരയാക്കപ്പെട്ടവന്റെ വേദന മാത്രമല്ല, കുടിയേറുന്നവന്റെ രൗദ്രതയും കാണിച്ചുകൂട്ടുന്ന ക്രൂരതകളും ഡോക്യുമെന്ററി പറഞ്ഞുതരുന്നു. ഇസ്രായേലിനെ ചൊടിപ്പിക്കുന്നതൊന്നും ഓസ്കർ സ്വീകരിക്കില്ലെന്ന അപ്രഖ്യാപിത വ്യവസ്ഥ നിലനിൽക്കുന്നതിനിടെ ബെർലിനിൽ പുരസ്കാരം നേടിയ ചിത്രം അമേരിക്കയിലും ആദരമേറുമോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.