'ഷാംഷേരയോ ബോംബേ വെൽവെറ്റോ അല്ല; ഏറ്റവും വേദനിപ്പിച്ച പരാജയമേതെന്ന് വെളിപ്പെടുത്തി രൺബീർ
text_fieldsബോളിവുഡ് ആകെ നിറംമങ്ങിയ വർഷമാണ് 2022. ഖാൻമാരടക്കമുള്ള സൂപ്പർതാരങ്ങൾ വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ വർഷത്തിൽ രൺബീർ കപൂർ മാത്രമാണ് ബ്രഹ്മാസ്ത്രയിലൂടെ അൽപ്പമെങ്കിലും തിളങ്ങിയത്. എന്നാൽ, രൺബീറിനും ഒരു വലിയ പരാജയചിത്രം ഈ വർഷം സംഭവിച്ചിരുന്നു. വമ്പൻ ബജറ്റിലൊരുക്കിയ ശാഷേരയായിരുന്നു ബോക്സോഫീസിൽ മൂക്കുംകുത്തി വീണത്.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് തന്റെ പരാജയ ചിത്രങ്ങളെ കുറിച്ച് മനസുതുറന്ന രൺബീർ തനിക്ക് ഏറ്റവും വലിയ വേദന സമ്മാനിച്ച ചിത്രമേതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ 15 വർഷത്തെ കരിയറിൽ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അത് ഏറ്റവും വലിയ ഡിസാസ്റ്ററായ ബോംബെ വെൽവെറ്റോ, ഈ വർഷമിറങ്ങിയ ശാംഷേരയോ അല്ല, മറിച്ച് 2017-ൽ പുറത്തുവന്ന ഡിസ്നി മ്യൂസിക്കൽ ഫാന്റസി ചിത്രമായ ജഗ്ഗ ജാസൂസ് ആയിരുന്നുവെന്നും രൺബീർ വ്യക്തമാക്കി.
ഒരു 'ദുരന്തം' എന്നാണ് ജഗ്ഗ ജാസൂസിനെ താരം വിളിച്ചത്. "അത് ഞാൻ നിർമ്മിച്ച സിനിമയായിരുന്നു. അതൊരു പാഷൻ പ്രോജക്ടായിരുന്നു. അനുരാഗ് ബസുവായിരുന്നു സംവിധാനം. വളരെ ഹൃദ്യവും മധുരവുമായ ആശയമായിരുന്നു ജഗ്ഗ ജാസൂസിന്റേത്, പക്ഷേ ആളുകൾ ഏറ്റെടുത്തില്ല, അത് ശരിക്കും വേദനിപ്പിച്ചു. എന്റെ കരിയറിലെ എന്നെ വേദനിപ്പിച്ച ഒരേയൊരു സിനിമ അതാണ്. -രൺബീർ ഒരു സെഷനിൽ പറഞ്ഞു.
കരിയറിലെ ഏറ്റവും കഠിനമായ ചിത്രമായ ശാംഷേരയുടെ വൻ പരാജയത്തെക്കുറിച്ചും ആ സിനിമയിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ചും രൺബീർ സംസാരിച്ചു. "ഞാൻ ഇതുവരെ പ്രവർത്തിച്ചതിൽ വച്ച് ഏറ്റവും കഠിനമായ സിനിമ. അതൊരു വലിയ ബോക്സോഫീസ് ദുരന്തമായിരുന്നു, പക്ഷേ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിൽ ശാംഷേരയിൽ ഞാൻ ചെയ്ത ഏറ്റവും വലിയ പിഴവ് ആ വെപ്പ് താടിയായിരുന്നു," -രൺബീർ കൂട്ടിച്ചേർത്തു.
ബോളിവുഡ് സിനിമകളുടെ പരാജയത്തോടൊപ്പം, ആർ.ആർ.ആർ പോലെയുള്ള തെന്നിന്ത്യൻ സിനിമകളുടെ വൻ വിജയത്തെക്കുറിച്ചും രൺബീർ ചടങ്ങിൽ വാചാലനായി. ആർ.ആർ.ആർ പോലൊരു ചിത്രം ഹോളിവുഡിൽ സ്വാധീനം ചെലുത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര ജോനാസ്, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, കജോൾ, കരീന കപൂർ, എന്നിവരും ജിദ്ദയിൽ നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.