ഒ.ടി.ടിയിൽ എത്തിയിട്ടും 40ല്‍ അധികം തിയറ്ററുകൾ; അഞ്ചാം വാരത്തിൽ 'ഓഫിസർ ഓൺ ഡ്യൂട്ടി'
text_fieldsഒ.ടി.ടിയിൽ എത്തിയിട്ടും 40ല്‍ അധികം തിയറ്ററുകളിൽ പ്രദർശനം തുടർന്ന് ഓഫിസർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ചിത്രത്തിന്, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയേറ്ററിൽ ലഭിക്കുന്ന സ്വീകാര്യത കുറഞ്ഞിട്ടില്ല. അഞ്ചാം വാരത്തിലും നാല്പതിലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫെബ്രുവരി 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മാർച്ച് 20 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും. ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പുറമേ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ. യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി. വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷം കേരള ബോക്സ് ഓഫിസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി. രേഖാചിത്രത്തിന്റെ റെക്കോഡാണ് ചിത്രം മറികടന്നത്. ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമ നിർമിച്ചത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.