'ജനങ്ങളിലേക്കിറങ്ങിയതോടെ സിനിമയുടെ പ്രൈവസി പോയി'- 1992ലെ മമ്മൂട്ടിയുടെ അപൂർവ അഭിമുഖം; വൈറലായി വാക്കുകൾ
text_fieldsമലയാളികൾ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ്. ഇതിനിടെ 1992ൽ ഖത്തറിൽ വെച്ച് മമ്മൂട്ടി നൽകിയ ആദ്യകാല അഭിമുഖം യുട്യൂബിൽ പങ്കുവെക്കുകയാണ് എ.വി.എം ഉണ്ണി. 'മെഗാസ്റ്റാർ മമ്മൂട്ടി നെറ്റ്' എന്ന പേരിൽ 1992ൽ ഖത്തറിൽ അരങ്ങേറിയ സ്റ്റേജ് ഷോയുടെ ഭാഗമായി നൽകിയ അഭിമുഖം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിൽ ലഭ്യമായ മമ്മൂട്ടിയുടെ ഏറ്റവും പഴയ അഭിമുഖം എന്ന വിശേഷണത്തോടെയാണ് വിഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ദോഹയിലെ ഒരു ആഡംബര ഹോട്ടലിൽ കാറിൽ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പം കുഞ്ഞു ദുൽഖറിനെയും വിഡിയോയിൽ കാണാം. ശോഭന, ലക്ഷ്മി, മുരളി, കൊച്ചിൻ ഹനീഫ, സൈനുദ്ദീൻ, സിദ്ദിഖ്, സംവിധായകൻ ലോഹിതദാസ്, സംഗീതസംവിധായകരായ കൈതപ്രം, ജോണ്‍സൺ മാസ്റ്റർ എന്നിവരും വിഡിയോയിലുണ്ട്.
മമ്മൂട്ടി കേക്ക് മുറിച്ച് സഹതാരങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നതും കാണാം. പുറമേ നിന്ന് കണ്ടപ്പോഴും അകത്തുനിന്ന് അനുഭവിച്ചപ്പോഴും സിനിമയിൽ എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടതെന്ന ചോദ്യത്തിന് സിനിമ ജനങ്ങൾക്ക് അത്ഭുതമല്ലാതായതോടെ അതിെൻറ ആസ്വാദ്യത പോയെന്നാണ് മമ്മൂട്ടിയുെട മറുപടി. 'സിനിമ പുറത്തുനിന്നു കാണുന്നതു പോലെയല്ല അകത്തു കേറിക്കഴിഞ്ഞാൽ. അന്നു കാണുമ്പോൾ സിനിമ ഒരു മഹാത്ഭുതമായി തോന്നും. ഇന്ന് നമുക്ക് അത്ഭുതമല്ല. അതിെൻറ ഡിറ്റെയ്ൽസ് നമുക്കറിയാം. ജനങ്ങൾക്കും വലിയ അദ്ഭുതമല്ല സിനിമ. കാരണം, സിനിമ ജനങ്ങളിലേക്കിറങ്ങി. സിനിമയുടെ ഭയങ്കരമായ രഹസ്യം പുറത്തായി. സിനിമയുടെ അപ്രാപ്യത മാറി. ആർക്കും സിനിമ എടുക്കാം, സിനിമ ഷൂട്ടിങ് കാണാം. അതിെൻറ തോട് പൊളിച്ച അവസ്ഥയാണ് സിനിമയ്ക്ക്. സിനിമയുടെ പ്രൈവസി ഉണ്ടല്ലോ! നമ്മുടെ പ്രൈവസി എന്തായാലും പോകും. സിനിമയുടെ പ്രൈവസി... അതിെൻറ പല കാര്യങ്ങളും ജനങ്ങളുടെ മുൻപിൽ വെച്ചെടുക്കുന്നതുകൊണ്ട് അവരെ വിശ്വസിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്'- മമ്മൂട്ടി പറയുന്നു.
വെറും സിനിമാമോഹം കൊണ്ട് മാത്രം ആരും ഉള്ള ജോലി കളഞ്ഞ് സിനിമയിലേക്ക് വന്ന് അബദ്ധത്തില്‍ ചാടരുതെന്ന് സിനിമാപ്രേമികളായ പ്രവാസികളെ ഉപദേശിക്കുന്നുമുണ്ട് മമ്മൂട്ടി. 'ഭ്രമിച്ച് സിനിമ എടുക്കാൻ പോകരുത്. സിനിമയെക്കുറിച്ച് മനസിലാക്കി അതിെൻറ ഉള്ളുകള്ളികളൊക്കെ അറിഞ്ഞു പോയാൽ ദോഷം വരില്ല. ഭ്രമത്തിെൻറ പുറത്ത് സിനിമ എടുക്കാൻ പോയാൽ അബദ്ധമാകും'- മമ്മൂട്ടി പറയുന്നു.
1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ സജീവമായ മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എ.വി.എം ഉണ്ണിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.