ഒമിക്രോൺ ഭീതി; രാജമൗലി ചിത്രം ആർ.ആർ.ആർ റിലീസ് മാറ്റി
text_fieldsജൂനിയർ എൻ.ടി.ആറും രാംചരണും ഒന്നിക്കുന്ന സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിന്‍റെ റിലീസ് മാറ്റി. ഒമിക്രോൺ ഭീഷണിയെ തുടർന്നാണ് റിലീസ് മാറ്റിയത്. ജനുവരി ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമായതും ഡൽഹിയിൽ ഉൾപ്പെടെ തിയറ്ററുകൾ അടച്ചിട്ടതുമാണ് റിലീസ് മാറ്റാൻ കാരണം. തമിഴ്നാട്ടിൽ തിയറ്ററിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ജനുവരി ഏഴിന് ഗ്രാൻഡ് റിലീസാണ് ആർ.ആർ.ആറിന് ഒരുക്കിയിരുന്നത്. നിരവധി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിൽ ജൂനിയർ എൻ.ടി.ആറും രാംചരണും സജീവമായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുന്നതായി ആർ.ആർ.ആർ ടീം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർ.ആർ.ആർ. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ.ടി.ആറാണ്. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർ.ആർ.ആർ. രുധിരം രണം രൗദ്രം എന്നതിന്‍റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ.
450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്‍റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.