അവസരങ്ങൾ ചിലർ മാത്രം കൈയടക്കരുത്; ഫെഫ്കക്ക് നിർമാതാക്കളുടെ കത്ത്
text_fieldsകൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ നിർത്തിവെച്ച മലയാള സിനിമയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ പുതിയ തർക്കം. ചുരുങ്ങിയ സിനിമകളുടെ ജോലികൾ മാത്രം നടക്കുന്നതിനിടെ ഒരാൾ ഒന്നിലധികം ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതാണ് ചർച്ചയാകുന്നത്. നിലവിലെ സാഹചര്യത്തിൽ സാങ്കേതിക പ്രവർത്തകർ സെറ്റിൽനിന്ന് സെറ്റിലേക്ക് ഓടിനടന്ന് ജോലി ചെയ്യുന്ന പ്രവണത തടയണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നൽകി.
ചില താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തർക്കം ചർച്ചയിലൂടെ പരിഹരിച്ചതിനു പിന്നാലെയാണ് പുതിയ വിഷയം ഉടലെടുത്തത്. ആറു മാസത്തിനുശേഷമാണ് കർശന നിയന്ത്രണങ്ങളോടെ സിനിമയുടെ ജോലികൾ പുനരാരംഭിച്ചത്. 10 സിനിമകളുടെ ചിത്രീകരണമാണ് നടക്കുന്നത്.
ചലച്ചിത്ര മേഖലയിലെ അയ്യായിരത്തിലധികം തൊഴിലാളികൾക്ക് ആറു മാസമായി ജോലിയില്ല. ഒരാൾ ഒരേസമയം ഒന്നിലധികം സിനിമകളിൽ പ്രവർത്തിക്കുന്നത് പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കോവിഡ് വ്യാപനഭീഷണി നിലനിൽക്കെ ഒരു സെറ്റിൽ ജോലി ചെയ്യുന്നവർ മറ്റ് സെറ്റുകളിൽ എത്തുന്നതും ആശാസ്യമല്ല. ഇതുസംബന്ധിച്ച് ഫെഫ്കയുമായി നേരത്തേതന്നെ ധാരണയിൽ എത്തിയിരുന്നെന്നും അത് കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ സിനിമ മേഖലയിലെ പരിമിതമായ അവസരങ്ങൾ പങ്കുവെക്കണമെന്ന് ഫിലിം ചേംബർ വൈസ് പ്രസിഡൻറ് അനിൽ തോമസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.