ഫിയോക്കിനുള്ളിൽ എതിർപ്പ് ശക്തമാകുന്നു...
text_fieldsകൊച്ചി: നിർമാതാക്കളുമായുള്ള തർക്കത്തെത്തുടർന്ന് പുതിയ മലയാളം സിനിമകൾ റിലീസ് ചെയ്യില്ലെന്ന തിയേറ്ററുടമകളുടെ തീരുമാനത്തിനെതിരേ ഫിയോക്കിനുള്ളിൽ എതിർപ്പ് ശക്തമാകുന്നു. ഇഷ്ടമുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിർമാതാക്കൾക്ക് മുമ്പാകെ ഉയർത്തിയാണ് ഫിയോക് 23 മുതൽ മലയാളം സിനിമകളുടെ റിലീസ് നിർത്തിയത്. തിയറ്റർ ഉടമകളുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രതിഷേധം ശക്തമായത്.
നിർമാതാക്കൾ കൂടിയായ നടൻ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് യഥാക്രമം ഫിയോക്കിന്റെ ചെയർമാനും വൈസ് ചെയർമാനും. ഫിയോക്കിന്റെ ആരോപണങ്ങൾ ഫലത്തിൽ ഇവരെയും ബാധിക്കുന്ന അവസ്ഥയാണിപ്പോൾ. ദിലീപ് നായകനായ ‘തങ്കമണി’ മാർച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിർഷാ സംവിധാനം ചെയ്ത ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടർന്ന് മാർച്ച് ഒന്നിലേക്ക് റിലീസ് മാറ്റി.
മുമ്പ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള കേരള ഫിലിം എക്സിബിറ്റേഴ്‌സ് ഫെഡറേഷനായിരുന്നു തിയേറ്ററുടമകളുടെ പ്രബല സംഘടന. ബഷീറിനോടുള്ള എതിർപ്പിൽ ഒരു വിഭാഗം പിളർന്നുമാറിയുണ്ടായതാണ് ഫിയോക്. തിയറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളു എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിര്‍മ്മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ ഉടൻ തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നു. ഇത് തിയറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നു. തർക്കങ്ങളെല്ലാം ഈയാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും പിളർപ്പിന് സാധ്യതയില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.