ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ പകർത്തിയ 'നോ അദര്‍ ലാന്‍ഡി'ന് ഓസ്‌കര്‍
text_fieldsഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍. 97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ പ്രതിപാദിക്കുന്ന ചിത്രം 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടി.
പോർസലൈൻ വാർ, ഷുഗർകെയ്ൻ, ബ്ലാക് ബോക്സ് ഡയറീസ്, സൗണ്ട് ട്രാക് ടു എ കപ് ഡി ഇറ്റാറ്റ് എന്നീ സിനിമകളെയാണ് സിനിമ മറികടന്നത്. തന്റെ ജന്മ പ്രദേശം ഇസ്രായേൽ പൊളിച്ചു മാറ്റുമ്പോൾ അതിനെതിരെ മുന്നിട്ടിറങ്ങുന്ന ആക്ടിവിസ്റ്റ് ബാസൽ അദ്റയുടെ ജീവിതവുമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണ് സിനിമ. 2019 നും 2023 നും ഇടയിൽ ചിത്രീകരിച്ച ഈ ഡോക്യുമെന്ററിക്ക് ഓസ്കർ വേദിയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഇസ്രായേലി-ഫലസ്തീൻ ചലച്ചിത്ര പ്രവർത്തകരുടെ സഹകരണത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. ജൂത-ഇസ്രാഈലി പത്രപ്രവര്‍ത്തകനായ യുവാല്‍ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്റയുടെ പോരാട്ടവും മസാഫര്‍ യാത്തക്കാരുടെ ദുരിതവും ലോകമറിയുന്നു.
'ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും വംശീയ ഉന്മൂലനവും തടയാന്‍ ലോകത്തിന്റെ ഇടപെടലുണ്ടാകണം'-പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംവിധായകൻ ബാസല്‍ അദ്ര പറഞ്ഞു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍.
ഇതാദ്യമായല്ല നോ അദര്‍ ലാന്‍ഡ് അന്താരാഷ്ട്രവേദികളില്‍ തിളങ്ങുന്നത്. 2024-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തെരഞ്ഞെടുത്തിരുന്നു. ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.