ഇർഫാൻ ഖാനെയും ഭാനു അതയ്യയെയും അനുസ്മരിച്ച് ഓസ്കർ വേദി
text_fieldsന്യൂഡൽഹി: അന്തരിച്ച നടൻ ഇർഫാൻ ഖാനും വസ്ത്രാലങ്കാരിക ഭാനു അതയ്യയെയും അനുസ്മരിച്ച് ഓസ്കർ പുരസ്കാര വേദി. 93ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതരിപ്പിച്ച അനുസ്മരണ വിഡിയോയിൽ ഇരുവരെയും ഉൾപ്പെടുത്തി.
1982ലെ ഗാന്ധി എന്ന ചിത്രത്തിലൂടെ ഇന്ത്യയിൽ ആദ്യമായി ഒസ്കർ നേടിയ വ്യക്തിയാണ് ഭാനു അതയ്യ. അന്താരാഷ്ട്ര സിനിമ വേദികളിലെ പരിചിത മുഖമായിരുന്നു ഇർഫാൻ ഖാൻ. അർബുദ ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ 53ാം വയസിൽ ലോകത്തുനിന്ന് വിടപറയുകയായിരുന്നു. ഇർഫാൻ ഖാന്‍റെ ദ നെയിംസേക്ക്, ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്ല്യണയർ, ജുറാസിക് വേൾഡ് തുടങ്ങിയ ചിത്രങ്ങൾ ഓസ്കൾ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യമായിരുന്നു.
91ാം വയസിലാണ് ഭാനു അതയ്യയുടെ വിയോഗം. ലഗാൻ, സ്വദേശ്, ചാന്ദ്നി, അഗ്നീപത് തുടങ്ങിയ നൂറോളം ചിത്രങ്ങളുടെ ഭാഗമായിരുന്നു ഭാനു അതയ്യ.
ഹോളിവുഡ് നടൻമാരായ സീൻ കോണറിയും ചാഡ്വിക് ബോസ്മാനുമായിരുന്നു ഓസ്കർ വേദിയിലെ പ്രധാന നഷ്ടം. അന്താരാഷ്ട്ര ചലചിത്ര വേദികളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ സംവിധായകൻ കിം കി ഡുക്കും സ്മരണികയിൽ ഇടം നേടി. ചാഡ്വിക് ബോസ്മാൻ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഇറങ്ങിയ നടനായിരുന്നു സീൻ കോണറി.
അതേസമയം റിഷി കപൂറിനെയും സുശാന്ത് സിങ് രജ്പുത്തിനെയും ഓസ്കർ സ്മരണയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.