ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ച് പ്രിയങ്കയും നിക്കും; 'പവർ കപ്പിളിന്' ഇത് അഭിമാന നിമിഷം
text_fieldsഹോളിവുഡിലെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ദമ്പതികളാണ് ഇന്ത്യക്കാരിയായ പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക്ക് ജോനാസും. രണ്ടുപേരും അവരവരുടെ മേഖലകളിൽ കഴിവുതെളിയിച്ചവരുമാണ്. ഇത്തവണത്തെ ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം അക്കാദമി ഏൽപ്പിച്ചത് പ്രിയങ്കയേയും നിക് ജോനാസിനേയുമാണ്. തിങ്കളാഴ്ചയായിരുന്നു ദമ്പതികൾ ചേർന്ന് ഓസ്കർ പട്ടിക പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓസ്കർ പുരസ്കാര പ്രഖ്യാപനം വൈകിയിരുന്നു. 93-ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ന് (ഇന്ത്യയിൽ ഏപ്രിൽ 26) ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക.
തിയറ്റർ റിലീസുകളല്ലാതെ ഒ.ടി.ടി റീലീസ് ചിത്രങ്ങളും ഇത്തവണ അവാർഡിലേക്ക് പരിഗണിക്കും. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഓസ്കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരറൈ പോട്ര്, ഐ.എം. വിജയൻ മുഖയകഥാപാത്രമായെത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിൻ) എന്നിവ പട്ടികയിൽ ഇടംനേടിയിരുന്നു. പ്രിയങ്കയും നിക്കുംചേർന്ന് പ്രഖ്യാപിച്ച പട്ടികയിൽ 10 നാമനിർദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. നോമാഡ്‌ലാൻഡ്, ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7, പ്രോമിസിങ് യങ് വുമൺ, യൂദാ ആൻഡ് ദ ബ്ലാക് മസീഹ തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനിൽ മുന്നിലെത്തിയത്. മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ്വിക്ക് ബോസ്മാൻ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ക്യാൻസർ ബാധിച്ച് മരിച്ച നടനാണ് േബാസ്മാൻ. ഈ മാസം ആദ്യം മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചാഡ്വിക്ക് ബോസ്മാന് ലഭിച്ചിരുന്നു. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയവ ഉൾപ്പടെ ആറ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തിൽ സ്ത്രീകളെയും അഭിനയത്തിൽ കറുത്ത വർഗക്കാരേയും അവഗണിച്ചതിന് ഓസ്കർ അക്കാദമി കഴിഞ്ഞ വർഷം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു. ഈ രണ്ട് മേഖലകളും ഈ വർഷത്തെ പട്ടികയിൽ പരിഹരിക്കപ്പെട്ടു.
ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവർ യഥാക്രമം നോമാഡ്‌ലാൻഡിനും പ്രോമിസിംഗ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കുള്ള വിയോള ഡേവിസ് (മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം), ആന്ദ്ര ഡേ (യുനൈറ്റഡ് സ്റ്റേറ്റ്സ് Vs ബില്ലി ഹോളിഡേ), ഡാനിയേൽ കലൂയ (യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ), ലേക്കിത്ത് സ്റ്റാൻഫീൽഡ് (യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ) തുടങ്ങിയവർ നടികളുടെ മത്സരത്തിലും മുന്നിലുണ്ട്. മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് ജേതാവ് ജൂഡി ഫോസ്റ്റർ ഓസ്കറിൽ അവഗണിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.