ഓസ്കർ പുരസ്കാര പ്രഖ്യാപനം നാളെ; ലൈവായി എപ്പോൾ, എവിടെ കാണാം
text_fieldsലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 97-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം നാളെ. സിനിമാ രംഗത്തെ വിവിധ വിഭാഗങ്ങളിലുള്ള മികവിനെയും അവാർഡ് ദാന ചടങ്ങിൽ ആദരിക്കും.
ലോസ് ആഞ്ചൽസിലെ ഡോൽബി തീയറ്ററിലാണ് പുരസ്കാര വിതരണം നടക്കുന്നത്. അവാർഡ് ദാനച്ചടങ്ങ് തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5:30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം സ്ട്രീം ചെയ്യും.
ജാക്വസ് ഓഡിയാർഡിന്‍റെ 'എമീലിയ പെരസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രാൻസ് വ്യക്തി കാർലോ സോഫിയ ഗാസ്കോണിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ലോകം. ചിത്രത്തിന് 13 നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്ക് 10 നാമനിർദേശം വീതവും ലഭിച്ചു.
എമ്മി അവാർഡ് ജേതാവായ ഹാസ്യനടനും ടെലിവിഷൻ താരവുമായ കോനൻ ഒബ്രിയാനാണ് ഓസ്‌കാർ അവതാരകനായെത്തുന്നത്. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്. ഓപ്ര വിൻഫ്രി, എമ്മ സ്റ്റോൺ, സ്കാർലറ്റ് ജോഹാൻസൺ, റോബർട്ട് ഡൗണി ജൂനിയർ, സോ സാൽഡാന എന്നിവരും ചടങ്ങ് അവതരിപ്പിക്കുമെന്നാണ് വിവരം.
ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചേർന്ന് നിർമിച്ച 'അനുജ' എന്ന ഷോർട്ട് ഫിലിം മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. ഇത്തവണയും ഓസ്‌കാർ നേടിയാൽ രണ്ട് ഓസ്‌കാറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി എ.ആർ. റഹ്‌മാന്‍റെ നിരയിലേക്ക് ഗുനീത് മോംഗ എത്തും. 2009ലാണ് റഹ്മാൻ ഈ നേട്ടം കൈവരിച്ചത്.
ടിമോത്തി ചലമെറ്റ്, അഡ്രിയൻ ബ്രോഡി എന്നിവർ മികച്ച നടനുള്ള മത്സരാർഥികളാണ്. കാർല സോഫിയക്കൊപ്പം സിന്തിയ എറിവോ, ഡെമി മൂർ, ഫെർണാണ്ട ടോറസ്, മൈക്കി മാഡിസൺ എന്നിവർ മികച്ച നടിയായി മത്സരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.