'പട' പച്ചയായ മനുഷ്യ ജീവിതത്തിന്റെ പടപ്പുറപ്പാടുകളാണ്
text_fieldsഭൂമിയുടെ മേലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശം നിഷേധിച്ച ഭരണകര്‍ത്താക്കള്‍, അവകാശങ്ങൾ നേടിയെടുക്കുവാനായുള്ള ഒരുകൂട്ടം മനുഷ്യരുടെ പ്രതിഷേധങ്ങൾ- 'പട'യെ ലളിതമായി അടയാളപ്പെടുത്താവുന്നത് ഇങ്ങനെയാണ്. വലിയ താരനിര കൊണ്ടാണ് പട ആദ്യം ശ്രദ്ധ നേടിയതെങ്കിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടാണ് പട റിലീസായത് മുതൽക്ക് ശ്രദ്ധ നേടുന്നത്.
അയങ്കാളി പടയിലെ കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ, അജയൻ മണ്ണൂർ, വിളയോടി ശിവൻകുട്ടി എന്നീ പൊതുപ്രവർത്തകർ 1996ൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ നടത്തിയ 'ബന്ദിസമരം ' വലിയ ചർച്ചകൾക്കു വഴി തെളിയിച്ചിരുന്നു. അത് തന്നെയാണ് പടയുടെ വിഷയവും. തോട്ടം മേഖലയെ ഒഴിവാക്കിയും കര്‍ഷകത്തൊഴിലാളികള്‍ക്കു ഭൂമി നല്‍കാതിരുന്നതുമാണ് ഭൂപരിഷ്‌കരണം കേരളത്തില്‍ നടപ്പിലാക്കിയത് എന്നത് വളരെ കാലങ്ങളായുള്ള വിമര്‍ശനമാണ്. 1970ല്‍ നടപ്പിലാക്കിയ ഭൂനിയമം മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു. നിയമപ്രകാരം ഒരു കുടുംബത്തിനു കൈവശം വക്കാവുന്ന ഭൂമിക്കു പരിധി നിശ്ചയിച്ചു. ബാക്കി ഭൂമി മിച്ചഭൂമിയായി തിരിക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ പരിധി നിശ്ചയിച്ചപ്പോള്‍ തോട്ടം മേഖല ഒഴിവാക്കപ്പെട്ടു.
പാട്ടക്കാരനാകാതെ പോയ ആദിവാസിയും ദലിതരും ഉള്‍പ്പെടുന്ന ലക്ഷക്കണക്കിനു പേര്‍ ഭൂപരിഷ്‌കരണത്തില്‍നിന്നു പുറത്തായതാണ് ചരിത്രം. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരല്ല ആദിവാസികള്‍ എന്ന ബോധവും അതേ രാഷ്ട്രീയവും തന്നെയാണ് പടയുടേത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സലിം കുമാർ, പ്രകാശ് രാജ്, ടി. ജി രവി, കനി കുസൃതി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, ജഗദീഷ് തുടങ്ങിയ വലിയ താരനിരയെ വെച്ച് ചരിത്രത്തെ / യഥാർഥ സമരത്തെ ശക്തമായി വരച്ചു കാട്ടാൻ കഴിഞ്ഞു എന്നതാണ് പടയുടെ വിജയം. ഇവിടെ കഥ നടക്കുന്നത് 1996ലാണ്. ആദിവാസികളെ അവരുടെ മണ്ണിൽ നിന്നും ഇറക്കി വിടുന്ന തരത്തിൽ ഭൂനിയമം ഭേദഗതി ചെയ്തപ്പോൾ അത് പിൻവലിക്കാൻ കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ, അജയൻ മണ്ണൂർ, വിളയോടി ശിവൻകുട്ടി എന്നീ നാല് യുവാക്കൾ നടത്തിയ പോരാട്ടത്തിന്‍റെ കഥയാണ് പട. പാലക്കാട് കലക്ടറെ ബന്ധിയാക്കി സർക്കാരിനെക്കൊണ്ട് തങ്ങളുടെ ആവശ്യം നേടിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
എന്നാൽ, ആ പോരാട്ടം ഫലപ്രദമായോ ഇല്ലയോ എന്നതിന് ഏറ്റവും നല്ല ഉത്തരം ഇന്നിവിടെ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന മറുചോദ്യം തന്നെയാണ്. ഭരണകൂടം നൽകിയ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട യുവാക്കൾ മാത്രമാണ് അവർ. സ്വന്തം ജീവിതത്തെക്കുറിച്ചോ ഭാവിയെ കുറിച്ചോ ആശങ്കപ്പെടാതെ സഹജീവികൾക്ക് വേണ്ടി ഇറങ്ങിതിരിച്ച അവരിലൂടെ ഒരു കാലഘട്ടത്തെ മാത്രമല്ല ആധുനിക കേരളത്തെയും പട പരോക്ഷമായി ഓർമ്മിപ്പിക്കുന്നുണ്ട്. ആദിവാസി ജനതയോട് പതിറ്റാണ്ടുകളായി തുടരുന്ന നീതി നിഷേധത്തിന് പോരാടുന്ന നാലു യുവാക്കളുടെയും പേരിൽ ഒടുവിൽ കേസില്ല എന്നു പറഞ്ഞു അവരെ പറഞ്ഞയക്കുന്നു എങ്കിലും അവർക്ക് അനുകൂലമായി നിന്ന കലക്ടർക്കും, അവരോട് മാനുഷിക പരിഗണന കാണിച്ച ജഡ്ജിക്കും മധ്യസ്ഥത വഹിച്ച വക്കീലിനും അതിനെ തുടർന്ന് ഭരണകൂടത്താൽ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് അനുഭവിക്കേണ്ടിവരുന്നത്. മനുഷ്യന്റെ രാഷ്ട്രീയം തന്നെയാണ് പട. അതിന് പച്ച മനുഷ്യരായി അഭിനയിക്കുക എന്നതുതന്നെയാണ് ആദ്യത്തെ നിയമം.
അക്കാര്യത്തിൽ എല്ലാ താരങ്ങളും തങ്ങളുടെ സ്പെയ്സിനെ പരമാവധി ഉപയോഗിച്ചു എന്നതാണ് പടയുടെ ഏറ്റവും മികച്ച വിജയം. ചരിത്രത്തെ ഡോകുമെന്ററിയായി സമീപിക്കാതെ ഒരു സിനിമാറ്റിക് നിലവാരം പുലർത്തി എന്നതും എടുത്തു പറയേണ്ടതാണ്. സമീർ താഹിറിന്റെ ഛായാഗ്രഹണം, വിഷ്ണു വിജയ് ഒരുക്കിയ സംഗീതം, ഷാൻ മുഹമ്മദിന്റെ എഡിറ്റിങ് ഇവയെല്ലാം നീതി പുലർത്തുന്നതായിരുന്നു. യഥാർത്ഥ സമരത്തെ സിനിമയിൽ ആവിഷ്കരിക്കാൻ സംവിധായകനും എഴുത്തുകാരനുമായ കമൽ കെ. എമ്മിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.