ഭീരുക്കളെ പോലെ അവർ ഒളിച്ചോടി; അമ്മ ഭരണസമിതിയുടെ രാജിയിൽ പ്രതികരിച്ച് പാർവതി
text_fieldsകൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോൾ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം.
അമ്മ അംഗങ്ങൾക്കെതിരെ ഉയർന്നു വന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യാതെ അവർ ഒഴിഞ്ഞു മാറിയെന്ന് പാർവതി പറഞ്ഞു. സർക്കാറുമായി ചേർന്ന് പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലുമൊരു ശ്രമം അവർ നടത്തിയിരുന്നെങ്കിൽ അത് നന്നായേനെയെന്നും പാർവതി പറഞ്ഞു.
ഇപ്പോൾ രാജിവെച്ച എക്സിക്യൂട്ടീവ് കമിറ്റിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ വീണ്ടും സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങൾ പുറത്ത് വരുന്നത് വരെ ഇവിടെയൊരു പ്രശ്നവുമില്ലെന്നാണ് അവരുടെ നിലപാടെന്നും പാർവതി വിമർശിച്ചു.
സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെയെന്ന സർക്കാർ നിലപാടിനെതിരെയും പാർവതി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിൽ അതിജീവിതർക്ക് നീതിക്ക് വേണ്ടി അലയേണ്ടി വരില്ലായിരുന്നുവെന്നും പാർവതി പറഞ്ഞു.
താനും അമ്മയുടെ ഭാഗമായിരുന്നു. ആ സംഘടന എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് തനിക്കറിയാം. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായിരിക്കുകയാണ് അമ്മയുടെ പ്രവർത്തനരീതി. അവർക്ക് മുന്നിൽ പരാതികൾ ഉന്നയിക്കാൻ പോലും സാധിക്കില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.