വിവാദമാക്കിയ 'കാവി' രംഗത്തിന് കട്ടില്ല; 'പത്താൻ' സെൻസറിങ് പൂർത്തിയായി, 10 കട്ടുകൾ
text_fieldsന്യൂഡൽഹി: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച 'പത്താൻ' സിനിമയുടെ സെൻസറിങ് പൂർത്തിയായതായി റിപ്പോർട്ടുകൾ. സെൻസർ ബോർഡ് 10 മാറ്റങ്ങൾ നിർദേശിച്ചതായി സിനിമ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സംഘ്പരിവാർ വിവാദമാക്കിയ, കാവി ബിക്കിനിയുടുത്ത ദീപികയുടെ രംഗങ്ങൾ കട്ട് ചെയ്തിട്ടില്ല. എന്നാൽ, മറ്റൊരു അർധനഗ്ന ദൃശ്യം ഒഴിവാക്കിയിട്ടുണ്ട്.
'ബഷറം രംഗ്' എന്ന ഗാനത്തിലാണ് സീനുകളിൽ മൂന്ന് കട്ട് വരുത്തിയത്. അർധനഗ്നമായ രണ്ട് ദൃശ്യങ്ങളും പാട്ടിലെ ഒരു നൃത്തച്ചുവടുമാണ് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
സി.ബി.എഫ്.സി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) നിര്‍ദേശിച്ച കട്ടുകളില്‍ ഏറെയും സംഭാഷണങ്ങളാണെന്നാണ് വിവരം. റോ (റിസർച്ച് ആന്‍ഡ് അനാലിസിസ് വിങ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്. പി.എം.ഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫിസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ നിന്ന് ഒഴിവാക്കി. പി.എം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്‌സ്- കെ.ജി.ബി എന്നതിനു പകരം എക്‌സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍ റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി ബ്ലാക്ക് പ്രിസണ്‍ എന്ന് മാത്രമാക്കി.
അതേസമയം, സിനിമക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ ഇന്നും പ്രതിഷേധം തുടർന്നു. അഹമ്മദാബാദില്‍ ആല്‍ഫ വണ്‍ മാളിലെ തിയറ്ററില്‍ സിനിമ പ്രമോഷൻ ചടങ്ങിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വലിച്ചു കീറി. സിനിമ പ്രദർശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.