അജ് യാലിൽ കൈയടി നേടി പോളിന്റെ ആൽക്കലൈൻ
text_fieldsദോഹ: അറബിയും ഇംഗ്ലീഷും ഫ്രഞ്ചും സ്പാനിഷും ഉൾപ്പെടെ നിരവധി ഭാഷകൾക്കിടയിൽ അജ് യാൽ ചലച്ചിത്ര പ്രദർശനങ്ങളുടെ വേദിയിൽ നമ്മുടെ പച്ച മലയാളവും നിറഞ്ഞോടിയ ദിനം.
മേളയുടെ അഞ്ചാം ദിനം കതാറയിലെ ഡ്രാമ തിയറ്ററിലായിരുന്നു വ്യത്യസ്ത രാജ്യക്കാരായ സിനിമാ ആസ്വാദകർക്ക് മുന്നിൽ നിറഞ്ഞ കൈയടികളോടെ മലയാളിയായ പോൾ എബ്രഹാമിന്റെ ‘ആൽക്കലൈൻ’ പ്രദർശിപ്പിച്ചത്. 18 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ കാഴ്ചക്കാരുടെ കൈയടിയും നേടി.
സ്വന്തം ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് പ്രകൃതിവാദിയായ അച്ഛൻ, താൻ ആരോഗ്യത്തോടെ ഇരിക്കുന്നതുപോലെ തന്റെ മക്കളും ആരോഗ്യവാന്മാരായിരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
അച്ഛന്റെ ഇഷ്ടങ്ങൾ തന്നിലേക്ക് പകർന്നുനൽകാൻ ശ്രമിക്കുമ്പോൾ മകന് ഉണ്ടാകുന്ന ചിന്തകളും ആശങ്കകളും സംവിധായകൻ ദൃശ്യവത്കരിക്കുന്നു. പിതാവും മകനുമായി സംവിധായകൻ പോൾ എബ്രഹാമും അച്ഛൻ സാജുവും തന്നെയാണ് വേഷമിട്ടിരിക്കുന്നത്.
അച്ഛനും മകനും മാത്രമാണ് സിനിമയിൽ കഥാപാത്രങ്ങളായുള്ളത്. നിലത്തിരുന്ന് വാഴയിൽ ഭക്ഷണം കഴിക്കുക, പരമ്പരാഗത പൽപൊടി ഉപയോഗിച്ച് പല്ലു തേക്കുക, കുളത്തിലെ വെള്ളത്തിൽ മുങ്ങി കുളിക്കുക, സ്വന്തം കൃഷിയിടത്തിൽ നിന്നുതന്നെ വിളകൾ എടുത്ത് ആഹാരമാക്കുക ഇങ്ങനെ നീളുന്നു പിതാവിന്റെ ആരോഗ്യ ചിട്ടകൾ.
ദോഹയിൽ ജോലിക്കായി പോകുമ്പോഴും മകൻ ഈ ശീലങ്ങൾ എല്ലാം പാലിക്കുമോ എന്ന പിതാവിന്റെ ആകുലത. അച്ഛന് പൂർവകാലത്ത് ഉണ്ടാകുന്ന ഹൃദ്രോഗ ശേഷമാണ് ചിട്ടയായ ആരോഗ്യ ശീലങ്ങളിലേക്ക് എത്തുന്നത്. ഈ ചിട്ടകൾ പിൻപറ്റിയില്ലെങ്കിൽ തനിക്കും രോഗം വന്നേക്കാം എന്ന മകന്റെ ആശങ്കയും സിനിമയിൽ പ്രതിപാദിക്കുന്നു.
ചിത്രം മുഴുവനും മലയാളത്തിലാണ് സംഭാഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കതാറയിൽ ഇംഗ്ലീഷിലും അറബിയിലും സബ്ടൈറ്റിലോടെ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അച്ഛൻ–മകൻ ബന്ധത്തിൽ ചാലിച്ച കഥ പുറംരാജ്യക്കാരും നെഞ്ചിലേറ്റി. ‘ആൽക്കലൈൻ’ വെള്ളിയാഴ്ച ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമയിലും പ്രദർശിപ്പിക്കുന്നുണ്ട്.
പ്രദർശന ശേഷം പോൾ എബ്രഹാമും പിന്നണി പ്രവർത്തകരും ഓപൺ ഫോറത്തിൽ പങ്കെടുത്ത് കാഴ്ചക്കാരുമായി സംവദിച്ചു. കേരളത്തിന്റെ പച്ചപ്പും സ്വന്തം നാടിന്റെ കാഴ്ചകളും അറബ് ലോകത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരമായിരുന്നു ഇതെന്ന് പോൾ എബ്രഹാം പ്രദർശന ശേഷം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സംവിധാനത്തിൽ ഒപ്പമുണ്ടായിരുന്ന ഖത്തരി ചലച്ചിത്ര പ്രവർത്തകൻ അബ്ദുല്ല അൽ ഹോറിന് നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.