വയനാടിന് പിന്തുണ ആവശ്യമാണ്, നമുക്ക് ഒരുമിച്ച് നിൽക്കാം; സഹായവുമായി പേളി മാണി
text_fieldsഉരുള്‍പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നടിയും അവതാരകയുമായ പേളി മാണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് പേളിയും ഭർത്താവ് ശ്രീനിഷും കൈമാറിയത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും പിന്തുണ ആവശ്യമാണെന്നും ജീവിതം പുനർനിർമിക്കാൻ ഒരുമിച്ച് നിൽക്കാമെന്നും പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന നൽകുന്നു. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാം'–പേളി മാണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വെച്ചിരിക്കുകയാണ്. ജനങ്ങൾക്ക് കൈത്താങ്ങായി താരങ്ങൾ മുന്നിൽ തന്നെയുണ്ട് .കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാൽ കഴിയുംവിധം സഹായങ്ങൾ സംഭാവന ചെയ്യാനും ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.
മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുന്നത്.ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ആസിഫ് അലി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത തുക വെളിപ്പെടുത്തിയിട്ടില്ല
അതേസമയം ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നാലുപേരെ ജീവനോട് ലഭിച്ചിട്ടുണ്ട്. പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയത്.രണ്ടു സ്‍ത്രീകളെയും രണ്ടു പുരുഷൻമാരെയുമാണ് നാലാംനാൾ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റത്.ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടർന്ന് ഇവരെ വ്യോമമാർഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സൈന്യം ഓരോയിടത്തും തിരച്ചിൽ തുടരുകയാണ്. സൈന്യത്തിനൊപ്പം എൻ.ഡി.ആർ.എഫും സർക്കാരും വിവിധ സന്നദ്ധ സംഘടനകളും തിരച്ചിലിനുണ്ട്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 316 ആയി. സൈന്യത്തിന്റെ ബെയ്‍ലി പാലം പ്രവർത്തന സജ്ജമായതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 578 കുടുംബങ്ങളിലെ 2,328 പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.